കോട്ടയം. നഗരത്തിൽ മുനിസിപാലിറ്റി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി ഇളകി വീണ് പരുക്കേറ്റയുവാവ് മരിച്ചു.ലോട്ടറിക്കടയിലെ ജീവനക്കാരനായ പായിപ്പാട് സ്വദേശി ജിനോ കെ എബ്രഹാമാണ് മരിച്ചത്. യുവാവ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. സുരക്ഷിതമെന്ന് നഗരസഭ, കോടതിയിൽ സത്യവാങ്മൂലം നല്കിയ കെട്ടിടത്തിലാണ് അപകടം നടന്നത്.
തിരുനക്കര ബസ്സാൻഡ് ഷോപ്പിങ് കോംപ്ലക്സിന്റെ ഭാഗമായ കെട്ടിടത്തിനു ബലക്ഷയം ഇല്ലെന്നായിരുന്നു ഹൈക്കോടതിയിൽ നഗരസഭ നൽകിയ സത്യവാങ്മൂലം.
50 വർഷം പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന രാജധാനി ബാർ ഒഴികെ മറ്റ് സ്ഥാപനങ്ങൾക്ക് ബലക്ഷയം ഉണ്ടെന്നും റിപ്പോർട്ട് നൽകി.
അനുകൂല റിപ്പോർട്ട് നൽകിയ കെട്ടിടത്തിൽ നിന്നാണ് കോൺക്രീറ്റു പാളി അടർന്നു വീണ് ജിനോ മരിച്ചത്.
പുതുക്കി പണിത കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നു വീണതിനെ കുറിച്ച് അറിയില്ലെന്നാണ് നഗരസഭയുടെ വാദം. അപകട സാധ്യതയുള്ള നടപ്പാതയിൽ കാൽനടയാത്ര ഒഴിവാക്കാനായി പോലീസ് ബാരിക്കേഡ് സ്ഥാപിച്ചു.