തൃശൂർ: ഇലക്ട്രിക് ഷോക്കേറ്റും മറ്റ് ജീവികൾ ആക്രമിച്ചുമൊക്കെ നിരവധി പക്ഷികൾ അവശ നിലയിൽ പലപ്പോഴും നമ്മുടെ മുന്നിലൊക്കെ വന്ന് പെടാറുണ്ട്. എന്നാൽ അവയെ രക്ഷപ്പെടുത്താനോ ശുശ്രൂഷിക്കാനോ പലരും മെനക്കെടാറില്ല. എന്നാൽ പരുക്കുപറ്റി അവശനിലയിലായ മരംകൊത്തിക്ക് പുനർജന്മം നൽകിയിരിക്കുകയാണ് കുരുന്നു വിദ്യാർഥികൾ. കൊടകര ഗവ. എൽ.പി. സ്‌കൂളിലെ കുട്ടികളാണ് ഒരു മരംകൊത്തിക്ക് പുതുജീവനേകിയത്.
സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടികൾ മറ്റു പക്ഷികൾ കൊത്തിവലിച്ച് ആക്രമിക്കപ്പെട്ട നിലയിൽ മരംകൊത്തിയെ കണ്ടത്. വിദ്യാർഥികൾ വിവരമറിയിച്ചതിനെ തുടർന്ന് അധ്യാപകരുടെ നേതൃത്വത്തിൽ മരംകൊത്തിയെ മറ്റു പക്ഷികൾ ആക്രമിക്കാതിരിക്കാൻ പിടിച്ച് ഒരു പെട്ടിയിലാക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
തുടർന്ന് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് റെസ്‌ക്യു വാച്ചർ കെ.എസ്. ഷിൻസൻ സ്ഥലത്തെത്തി മരംകൊത്തിയെ കൊണ്ടു പോവുകയായിരുന്നു. ഏകദേശം ഒരു വയസ് മാത്രം പ്രായമുള്ള മരംകൊത്തിക്ക് തുടർ ചികിത്സ ആവശ്യമെങ്കിൽ നൽകുകയും നിരീക്ഷണത്തിന് ശേഷം അതിനെ ആവാസ വ്യവസ്ഥയിൽ തുറന്ന് വിടുമെന്നും റെസ്‌ക്യു വാച്ചർ ഷിൻസൺ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സ്‌കൂൾ പരിസരത്ത് പരുക്ക് പറ്റിയനിലയിൽ മരംകൊത്തിയെ കണ്ടത്. ഉടനെ അധികൃതർ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.