‘ദയവുണ്ടെങ്കിൽ ഇങ്ങനെ ചെയ്യരുത്’; ഡെലിവെറി പാർട്ണർ എഴുതിയ അനുഭവക്കുറിപ്പ്

Advertisement

ഓൺലൈൻ ഫുഡ് ഡെലിവെറി സർവീസുകൾ ഏറെ വ്യാപകമാണ് ഇന്ന്. നമ്മുടെ നിരത്തുകളിലൂടെ സ്വഗ്ഗി, സൊമാറ്റോ യൂണിഫോമുകളണിഞ്ഞ് ഇരുചക്രവാഹനങ്ങളിലൂടെ പാഞ്ഞുപോകുന്ന ഡെലിവെറി പാർട്ണേഴ്സിനെ കാണുമ്പോഴേ അറിയാം ഓൺലൈൻ ഫുഡ് ഡെലിവെറി സർവീസ് നമ്മുടെ നാട്ടിലും എത്രകണ്ട് വിജയിച്ചു എന്ന്.

അതേസമയം കമ്പനികൾ ലാഭം കൊയ്യുമ്പോൾ ഏറ്റവും താഴെക്കിടയിൽ ജോലി ചെയ്യുന്ന ഡെലിവെറി പാർട്ണർമാർ ദുരിതത്തിൽ തന്നെയാണ്. പലപ്പോഴും ഇവരുടെ ദുരിതജീവിതം സംബന്ധിക്കുന്ന വാർത്തകൾ വന്നിട്ടുള്ളതാണ്. എന്നാൽ ഇവർക്ക് അനുകൂലമായൊരു തൊഴിൽ സാഹചര്യം ഇനിയുമുണ്ടായിട്ടില്ല. എന്ന് മാത്രമല്ല ഡെലിവെറി പാർട്ണേഴ്സ് മറ്റുള്ളവരിൽ നിന്ന് നേരിടുന്ന മോശം അനുഭവങ്ങളും ഒട്ടും കുറവല്ല. ഇത്തരം അനുഭവങ്ങളെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ് എറണാകുളത്ത് ഡെലിവെറി പാർട്ണർ ആയി ജോലി ചെയ്ത മഹേഷ്.

ജേണലിസവും ഫിലിം സ്റ്റഡീസും പൂർത്തിയാക്കിയ മഹേഷ് ഇടക്കാല ആശ്വാസം എന്ന നിലയിലാണ് ഡെലിവെറി പാർട്ണറായി ജോലി ചെയ്തത്. കണ്ടൻറ് റൈറ്റിംഗും കോപ്പിറൈറ്റിംഗുമെല്ലാം ഫ്രീലാൻസ് ആയി ചെയ്യാറുണ്ടെങ്കിലും അതിനൊന്നും നേരാംവണ്ണം പ്രതിഫലം ലഭിക്കാറില്ലാത്തതുകൊണ്ടാണ് താൽക്കാലികമായിട്ടെങ്കിലും മഹേഷ് ഡെലിവെറി പാർട്ണറുടെ വേഷമണിഞ്ഞത്.

തൊഴിലില്ലായ്മയുടെയും തൊഴിൽ മേഖലകളിലെ ചൂഷണത്തിൻറെയും തീവ്രത പലപ്പോഴും ഇങ്ങനെയുള്ള ജീവിതപരിസരത്തിലേക്ക് എത്തുമ്പോഴാണ് നമുക്ക് മനസിലാവുകയെന്ന് മഹേഷ് പറയുന്നു. പലരും ഈ ജോലി സീരിയസായി- മുഴുവൻ സമയ ജോലിയായി ചെയ്യുന്നവരാണ്. അങ്ങനെയുള്ളവരെല്ലാം കടുത്ത ചൂഷണത്തിൽ അറിഞ്ഞോ അറിയാതെയോ പെട്ടുപോവുകയാണ്, ആരും ചോദിക്കാനും പറയാനുമില്ല- മഹേഷ് പറയുന്നു. മഹേഷ് ഫേസ്ബുക്കിൽ പങ്കുവച്ച അനുഭവക്കുറിപ്പും സ്വന്തം അനുഭവത്തെ മാത്രം മുൻനിർത്തിയുള്ളതല്ല. തന്നെപ്പോലെയോ, തന്നെക്കാൾ എത്രയോ അധികമോ ചൂഷണവും അവഗണനയും നേരിട്ട- നേരിട്ടുകൊണ്ടിരിക്കുന്ന ഡെലിവെറി പാർട്ണേഴ്സിന് ഏവർക്കും വേണ്ടിയാണ് ഇത് എഴുതിയതെന്നും മഹേഷ് പറയുന്നു.

ഡെലിവെറി പാർട്ണർമാരായി ജോലി ചെയ്ത പലരും മഹേഷിൻറെ പോസ്റ്റിന് താഴെ തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവച്ചിരിക്കുന്നു. ഓരോ അനുഭവവും മനസിനെ മുറിപ്പെടുത്തുന്നത് തന്നെയാണ്.

എറണാകുളത്ത് മാത്രമല്ല- എല്ലാ ജില്ലകളിലും, അല്ലെങ്കിൽ ഇന്ത്യയിലെ ഏതൊരിടത്തും ഇതൊക്കെ തന്നെയാണ് ഇങ്ങനെയുള്ള ജോലികൾ ചെയ്യുന്നവർ നേരിടുന്നത് എന്നും മിക്കവരും കമൻറുകളിൽ കുറിച്ചിരിക്കുന്നത് കാണാം.

ഈ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ പലരും സഹായം വേണോ, എന്താണ് ചെയ്യേണ്ടത് എന്നെല്ലാം ചോദിച്ച് മെസേജ് അയക്കുന്നുണ്ടെന്നും അതൊന്നുമല്ല തൻറെ ലക്ഷ്യം- ഈയൊരു വിഷയം ശ്രദ്ധിക്കപ്പെടണം എന്നതാണെന്നും മഹേഷ് പറയുന്നു.

മഹേഷ് എഴുതിയത് വായിക്കാം

എറണാകുളം ജില്ലയിൽ ഫുഡ് ഡെലിവറി പാർട്ടണർമാരുടെ അവസ്ഥ പരിതാപകരമാണ്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാനും ഒരു ഫുഡ് ഡെലിവറി പാർട്ടണറായി വർക്ക് ചെയ്തുവരികയാണ്. നിവർത്തികേട് കൊണ്ടാണ് മനുഷ്യർ ചുട്ടുപൊള്ളുന്ന വെയിലത്തും, കോരി ചൊരിയുന്ന മഴയത്തുമൊക്കെ ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്ക് പത്തും, ഇരുപതും രൂപക്ക് വേണ്ടി ഓടുന്നത്.

ഒരു ഹോട്ടലിൽ പോയി ഫുഡ് കഴിക്കാനിരിക്കുമ്പോൾ ഡെലിവറി യൂണിഫോമിട്ടിരുന്ന എന്നെ നോക്കി ഇവർക്ക് ഇവിടിരുത്തി ആരാണ് ഫുഡ് കൊടുത്തത് എന്ന ചോദ്യം കേട്ട് ആകെ ചൂളിയില്ലാണ്ടായി പോയ എന്നെ വേറാരും ഈ അവസ്ഥയിൽ കാണരുതേ എന്നു പ്രാർത്ഥിച്ചിരുന്നു. എനിക്ക് മാത്രമല്ല ഇത്തരം അനുഭവങ്ങൾ നേരിട്ടട്ടുള്ളതെന്ന് ഈയടുത്ത് ഒരു സുഹ്യത്തിനോട് സംസാരിക്കുമ്പോ മനസ്സിലായി.

ഫ്ലാറ്റുകളിലും മറ്റും ഫുഡ് ഡെലിവറിക്ക് പോകുമ്പോൾ സർവീസ് ലിഫ്റ്റ് വഴി കയറ്റി വിട്ട് അപമാനിക്കുന്നതും ഇത്തരം തരം താഴ്ത്തലുകളിൽ പെടും. ഇത് വായിക്കുന്ന മനുഷ്യരാരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ, ഡെലിവറി ചെയ്യുന്ന മനുഷ്യരോട് വിമുഖത പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ദയവു ചെയ്ത് തിരുത്താൻ ശ്രമിക്കണം. കേരളത്തിലേക്കാൾ പരിതാപകരമാണ് മറ്റു സംസ്ഥാനങ്ങളിൽ ഡെലിവറി ബോയ്സിൻറെ അവസ്ഥ. ബാഗ്ലൂർ പോലുള്ള മെട്രോ പൊളിറ്റൻ നഗരങ്ങളിൽ അത് ജാതിയതയായി വളർന്നു ചൂഷണം ചെയ്യുന്നുണ്ട്.

ഏകദേശം 11 മണിക്കൂറോളം ഇടതടവില്ലാതെ ഓടിയാൽ മാത്രമാണ് ആയിരം രൂപയെങ്കിലും സബാദിക്കാനാവുക. പെട്രോളും, മുന്ന് നേരമുള്ള ഫുഡും കഴിഞ്ഞ് അത് ചിലപ്പോ 800 രൂപ മാത്രമാകും. ഒരാഴ്ച കണ്ടിന്യുസ് ഓടിക്കഴിഞ്ഞാൽ പിന്നെ രണ്ടു ദിവസം നടുവേദനയായി കിടന്നു പോകും. ഹോസ്പിറ്റൽ ചിലവും, വണ്ടിക്ക് പണി വന്നാലുള്ള ചിലവും ഒക്കെ കഴിഞ്ഞ് ആകെ ആ മനുഷ്യർക്ക് കിട്ടുന്ന തുച്ഛമായ പൈസ കൊണ്ടാണവർ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്.

ഫുഡ് ഡെലിവറി കമ്പനികളും ഡെലിവറി ബോയ്കളെ അങ്ങേയറ്റം ചൂഷണം ചെയ്യുന്നുണ്ട്. ഒരു തരത്തിൽ ആലോചിച്ചാൽ ഫുഡ് ഡെലിവറി കബനികളുടെ ലാഭം അവരുടെ ഡെലിവറി ബോയ്കളുടെ കൊടുക്കേണ്ടാത്ത ബൈക്കുകളുടെ റെൻറും, പെട്രോൾ കാശുമൊക്കെയാണ്.

ആദ്യസമയങ്ങളിൽ ഫുഡ് ഡെലിവറിക്ക് പോകുമ്പോഴൊക്കെ ജീവിതമാകെ മടുപ്പ് കയറി മരവിക്കുന്ന ഒരവസ്ഥയുണ്ടാകും. ആ സമയമൊക്കെ ഞാനെന്നെ ആശ്വസിപ്പിക്കുന്നത് – എനിക്ക് ചുറ്റും മൈനസിൽ നിന്നു തുടങ്ങി പുജ്യത്തിലെത്തി അതിൽ നിന്നും പിന്നെയും അതിജീവിക്കേണ്ട മനുഷ്യരെ കുറിച്ചോർക്കുമ്പോഴാണ് . ആ സമയങ്ങളിൽ ഞാനാശ്വസിച്ചിരുന്നത് എനിക്ക് പൂജ്യത്തിൽ നിന്നും തുടങ്ങിയാൽ മതി എന്നാലോചിക്കുമ്പോഴാണ്.

അതുകൊണ്ട് മനുഷ്യരെ ചേർത്തുപിടിച്ചില്ലെങ്കിലും ഇമ്മാതിരി — ചെയ്യാതെയിരിക്കു. മനുഷ്യരായി പരിഗണിക്കൂ. നിങ്ങളുടെ തീൻമേശകളിൽ ട്രാഫിക്കുകളും, മഴയും, ചൂടുമൊക്കെ താണ്ടി സമ്യദമായ ആഹാരമെത്തിക്കുന്നവരേ മാനുഷികമായി പരിഗണിക്കൂ.

Advertisement