മൂവാറ്റുപുഴ. മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് ഇരിക്കുന്ന കോതമംഗലത്തെ കടവൂരിലെ ഭൂമിയിൽ ലാൻഡ് റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധന റിപ്പോർട്ട് തഹസിൽദാർക്ക് ഇന്ന് കൈമാറിയേക്കും. അനധികൃതമായി മണ്ണിട്ട് നിലം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച പരിശോധനയാണ് നടന്നത്. ഡിവൈഎഫ്ഐ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലന്‍സ് നിർദ്ദേശപ്രകാരമായിരുന്നു നടപടി.
അതേസമയം എംഎൽഎയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ റിസോർട്ടിലും വിജിലൻസ് പരിശോധന നടത്തും. റിസോർട്ട്മായി ബന്ധപ്പെട്ട് ഭൂപതിവ് ചട്ടത്തിന്റെ ലംഘനമുണ്ട് എന്ന പ്രചരണങ്ങൾ പുറത്ത് വന്നിരുന്നു. നേരത്തെ ചിന്നക്കനാൽ പഞ്ചായത്തിൽ എത്തി വിജിലൻസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. റിസോർട് പ്രവർത്തിച്ചിരുന്നത് ഹോം സ്റ്റേ ലൈസൻസിൽ തന്നെയെന്ന് കണ്ടെത്തി. ചട്ടഭേദഗതി വരുന്നതിന് മുൻപ് റിസോർട്ട് ലൈസൻസ് എടുത്തിരുന്നു. റിസോർട്ട് സ്ഥിതി ചെയ്യുന്ന ഭുരേഖകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു.