36കോടി നഷ്ടം ,കെ ഫോൺ പദ്ധതിയില്‍ സിഎജി വീണ്ടും സർക്കാരിനോട് വിശദീകരണം തേടി

Advertisement

തിരുവനന്തപുരം.കെ ഫോൺ പദ്ധതിയിൽ സിഎജി വീണ്ടും സർക്കാരിനോട് വിശദീകരണം തേടി. പലിശ രഹിത മൊബിലൈസേഷൻ ഫണ്ട് അനുവദിച്ചത് വഴി സർക്കാരിന് 36 കോടി രൂപ നഷ്ടം വന്നെന്നാണ് സി.എ.ജി പരാമർശം. കെഎസ്ഐടിഎല്ലിനോടാണ് സിഎജി വിശദീകരണം തേടിയത്

സർക്കാരിന്റെ സ്വപ്‍ന പദ്ധതിയിലാണ് സിഎജി വിശദീകരണം തേടിയത്.ബെൽ കൺസോർഷ്യത്തിന് ആദ്യ കരാറിൽ ഇല്ലാതിരുന്നിട്ടും പലിശ രഹിതമായി 10 ശതമാനം തുക മൊബലൈസേഷൻ അഡ്വാൻസായി നൽകി. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അതിലൂടെ 36 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നുമാണ് സി.എ.ജി നിഗമനം.ഇതിൽ വ്യക്തത വേണമെന്നാണ് സി.എ.ജി ആവശ്യപ്പെട്ടിരിക്കുന്നത്.സെൻട്രൽ വിജിലൻസ് കമ്മീഷൻ്റെ ചട്ടങ്ങൾ മറികടന്നാണ് അഡ്വാൻസായി തുക നൽകിയത്. 2013 ലെ സ്റ്റോർ പർചേസ് മാന്വലനുസരിച്ച് പലിശ കൂടി ഉൾപ്പെട്ടതാണ് മൊബിലൈസേഷൻ അഡ്വാൻസ്.
പലിശ ഒഴിവാക്കി നൽകണമെങ്കിൽ ബോർഡ് യോഗത്തിൻ്റെ അനുമതി വേണം.ഇവിടെ 10 ശതമാനം തുക അഡ്വാൻസ് നൽകണമെന്ന് കെ.എസ്.ഐ.ടി.എല്ലിന് വാക്കാൽ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറാണ്.കെ ഫോണിലെ അഴിമതിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു

കെഎസ്.ഐ.ടി.ഐ.എല്ലിൻ്റെ വിശദീകരണവും ഓഡിറ്റ് എക്സിറ്റ് മീറ്റിങ്ങിലെ നിലപാടും പരിഗണിച്ച ശേഷമാവും അന്തിമ റിപ്പോർട്ടിലേക്ക് സി.എ.ജി കടക്കുക.