മലപ്പുറം: ടർഫിൽ ഫുട്‌ബോൾ കളിച്ച് ആസ്വദിച്ച് വീട്ടമ്മമാരും. മലപ്പുറം കാവന്നൂർ പുളിയക്കോട് നിന്നുള്ള ദൃശ്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നൈറ്റിയും സാരിയുമൊക്കെ ഉടുത്ത് വീട്ടമ്മമാർ ഗ്രൗണ്ടിൽ പന്തുതട്ടി. ഒരു ഇൻസ്റ്റഗ്രാം യൂസർ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇതുവരെ 601 കമന്റുകളും 60,000ത്തിൽ അധികം ലൈക്ക് റിയാക്ഷനുകൾ വീഡിയോയ്ക്ക് വന്നു.
താഴെ വന്ന കമന്റുകളാണ് രസകരം. അമ്മമാർ പൊളിച്ചുവെന്നാന്ന് ഒരു കമന്റ് വന്നിരിക്കുന്നത്. ‘പന്തുകളിയെന്ന് പറഞ്ഞ് നമ്മളെ വഴക്കുപറയുന്ന അവർ അവർ അറിയട്ടെ അതിന്റെ ഒരു ഫീൽ…’ എന്നാൽ മറ്റൊരു കമന്റ്. അവരും സന്തോഷിക്കട്ടെയെന്ന് മറ്റൊരാൾ. ‘എന്റെ അമ്മയും ഇവർക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോയി ഭായി..’ എന്ന് മറ്റൊരു ഫുട്ബോൾ ആരാധകൻ. അങ്ങനെ പോസിറ്റീവ് കമന്റുകളാണ് വീഡിയോക്ക് താഴെ മുഴുവൻ. രസകരമായ വീഡിയോ കാണാം…
നേരത്തെ മലപ്പുറത്ത് നിന്നുള്ള മറ്റൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മലപ്പുറം പാണ്ടിക്കാട്ടെ കാരായപ്പാറയിൽ നിന്നുള്ള നോ പിച്ച് ഹെഡ്ഡറുകളായിരുന്നു അത്. പാണ്ടിക്കാട് നിന്നുള്ള അക്ബർ കക്കാട്, റംഷാദ് തോട്ടത്തിൽ എന്നിവരാണ് പന്തുകൊണ്ട് അമ്മാനമാടിയത്. അവർ മനസിൽ പോലും കരുതിയിരുന്നില്ല വീഡിയോ വ്യാപകമായി പങ്കുവെക്കപ്പെടുമെന്ന്. കണ്ടു നിന്ന നാട്ടുകാരിൽ ഒരാൾ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും വീഡിയോ എത്തി. നടുറോഡിൽ നിന്നുകൊണ്ട് വെള്ളമുണ്ടും ഷർട്ടും ധരിച്ച് അക്ബർ പന്തുകൊണ്ട് ആട്ടം തുടങ്ങി. ലുങ്കിയും ഷർട്ടും ധരിച്ച് റംഷാദും. ദിവസവേതനത്തിൽ ജോലി ചെയ്യുന്ന അക്ബർ മുമ്പ് പ്രാദേശിക ക്ലബുകൾക്കെല്ലാം കൡച്ചിട്ടുണ്ട്. റംഷാദ് ലോറി ഡ്രൈവറാണ്. രണ്ടാഴ്ച മുൻപ് ഫുട്ബോൾ കളിക്കുന്നതിനിടയിൽ കൈയ്ക്ക് പരിക്കേറ്റ റംഷാദ് ഇപ്പോൾ വിശ്രമത്തിലാണ്.