തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ 2023 ആഗസ്റ്റ് 21 മുതല്‍ 24 വരെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീലളിതാ മഹായാഗം നടക്കും. ശാസ്‌ത്രോക്തമായ താന്ത്രികയാഗങ്ങളില്‍ അത്യന്തവിശിഷ്ടവും പ്രത്യക്ഷഫലദായകവുമായ ശ്രീലളിതാമഹായാഗത്തില്‍ ശ്രീലളിതാപരമേശ്വരിയേയും പരിവാരദേവതകളേയും സാവരണമായി ‘മഹായാഗക്രമ’ത്തില്‍ അഗ്‌നിമുഖമായും അല്ലാതെയും ആരാധിക്കുകയാണ്.
പരമാനന്ദ തന്ത്രം, മഹായാഗക്രമവിധി, ഭാവനോപനിഷത്ത് (ബാഹ്യക്രമപദ്ധതി) തുടങ്ങിയ പ്രാമാണിക ഗ്രന്ഥങ്ങള്‍ക്ക് അനുസൃതമായും എന്നാല്‍ കേരളീയസമ്പ്രദായത്തെ പിന്‍പറ്റിയും ഉപാസകരും പ്രാമാണികരുമായ ബ്രഹ്മശ്രീ എഴുന്തോലില്‍മഠം സതീശന്‍ ഭട്ടതിരി, ബ്രഹ്മശ്രീ അനിരുദ്ധന്‍ അടുക്കത്തായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍വഹിക്കുന്നത്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ദേവീഭക്തരുടെ സാന്നിദ്ധ്യം ഉറപ്പിക്കുംവിധമുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുമുള്ള വിശിഷ്ടവ്യക്തിത്വങ്ങളും ശ്രദ്ധേയരായ ആചാര്യന്മാരും ആത്മീയകുതുകികളും പങ്കെടുക്കുന്നു. ഈ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയവും വലിയതുമായ യാഗമെന്ന രീതിയില്‍ ആസൂത്രണം ചെയ്തിരിക്കുന്ന ഈ യാഗത്തിന് വിപുലമായ സജ്ജീകരണങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളും മുംബൈ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ ബ്രഹ്മശ്രീ സ്വാമി കൃഷ്ണാനന്ദ സരസ്വതി തൃപ്പാദങ്ങളും രക്ഷാധികാരികളായ ശ്രീലളിതാ മഹായാഗം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര നിര്‍മാണ സമിതിയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.
യാഗത്തിന്റെ ഭാഗമായ വിവിധ സപര്യകള്‍
അഗ്‌നിജനനാദി ബ്രഹ്മശ്രീ കക്കാട് എഴുന്തോലില്‍ സതീശന്‍ ഭട്ടതിരി
മഹാഗണപതി സപര്യ ബ്രഹ്മശ്രീ സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരി
ബാലാ സപര്യ ബ്രഹ്മശ്രീ യദുകൃഷ്ണന്‍
മാതംഗീ സപര്യ ബ്രഹ്മശ്രീ ഇലവുങ്കല്‍ ഇല്ലം നീലകണ്ഠന്‍ ഭട്ടതിരി
വാരാഹീ സപര്യ ബ്രഹ്മശ്രീ അനിരുദ്ധന്‍ അടുക്കത്തായര്‍
വാഞ്ചാകല്‍പലത ശ്രീമഹാഗണപതി ഹോമം ബ്രഹ്മശ്രീ ഏലംപാടി നാരായണന്‍ നമ്പൂതിരി എന്നീ ആചാര്യന്മാര്‍ നേതൃത്വം നല്‍കുന്നു.
22, 23 തീയതികളില്‍ ഗായത്രീഗുരുകുലം ആചാര്യന്‍ ശ്രീ അരുണ്‍ പ്രഭാകരന്റെ നേതൃത്വത്തില്‍ രാവിലെ വേദമന്ത്രജപം, വേദ പാരായണം ഇവ ഉണ്ടായിരിക്കും. ഇവകൂടാതെ 22ന് രാജമാതംഗി സപര്യയുടെ ഭാഗമായുള്ള കലാവൈഭവസേവയില്‍ പൊന്‍കുന്നം ജ്യോതികുമാറിന്റെ നാദാര്‍ച്ചന, കുമാരി. മീനാക്ഷി ജി.എസിന്റെ നൃത്താഞ്ജലി, ഡോ.സ്മിതാലക്ഷ്മി & സംഗീതാരാജ് അവതരിപ്പിക്കുന്ന നാട്യാര്‍ച്ചന, ക്ഷേത്രകലാപീഠം കീരിക്കാട് ഗോകുല്‍മാരാരുടെ സോപാനസംഗീതം, നാട്യജ്യോതി അപര്‍ണാശര്‍മയുടെ അഷ്ടാവധാന സേവ എന്നിവയും നടക്കും.
23ന് ശക്തി സ്വരൂപിണി പൂജാവേളയില്‍ സപ്തശതീപാരായണം: ശ്രീമാതരം മണ്ഡലി കേശവദാസപുരം
24ന് ശ്രീഷോഡശീ യജനവേളയില്‍ ലളിതോപാഖ്യാനപാരായണം, സഹസ്രനാമജപം : ശ്രീമാതരം മണ്ഡലി കേശവദാസപുരം
24ന് ശ്രീചക്രനവാവരണ പൂജാ വേളയില്‍ നവാവരണകീര്‍ത്തനം : ശ്രീമതി. ദിവ്യാ വിമല്‍
ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം
കേരളത്തില്‍ തിരുവനന്തപുരത്ത് അയിരൂപ്പാറ വില്ലേജില്‍ ചേങ്കോട്ടുകോണത്തിനടുത്ത് സ്വാമിയാര്‍ മഠം എന്ന സ്ഥലത്ത് ഒരു നൂറ്റാണ്ടിലേറെയായി സ്ഥിതിചെയ്യുന്ന സാധനാലയമാണ് ശ്രീരാമദാസാശ്രമം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രണ്ടു പ്രാചീനതപസ്വികളുടെ സമാധിസ്ഥാനം നിലനിന്നിരുന്ന ഈ തപോ ഭൂമിയില്‍ 1920ല്‍ ശ്രീരാമദാസാശ്രമം സ്ഥാപിച്ചത് ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരാണ്. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ശിഷ്യനായ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തിരുവടികളുടെ പ്രവര്‍ത്തനങ്ങളിലൂടെ ലോകപ്രസിദ്ധമായ ആശ്രമം, കേരളത്തിലെ ശ്രദ്ധേയമായ ആധ്യാത്മികകേന്ദ്രമാണ്.