കേരളത്തിലെ രണ്ടുദിവ്യൻമാരാണ് പിണറായി വിജയനും , വിഡി സതീശനുമെന്ന് കെ സുരേന്ദ്രന്‍,മാസപ്പടി വിവാദത്തിൽ അന്വേഷണത്തിനായി കേന്ദ്ര ഏജൻസികളെ സമീപിക്കും

Advertisement

തിരുവനന്തപുരം. മാസപ്പടി വിവാദത്തിൽ അന്വേഷണത്തിനായി കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എന്തുകൊണ്ടാണ് അഴിമതി ആരോപണത്തിൽ കേരളത്തിലെ ഏജൻസികൾ അന്വേഷിക്കാത്തത്?. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസികളെ സമീപിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാകു മോയെന്നും സുരേന്ദ്രൻ ചോദിച്ചു.
മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും എതിരായ കേസുകളിൽ ഒരന്വേഷണവും നടക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ രണ്ടുദിവ്യൻമാരാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും. അവരെല്ലാം നിയമത്തിന് അതീതമായിട്ടുള്ളവരാണ്. മുഖ്യമന്ത്രിക്കെതിരെ മാസപ്പടി ആരോപണം ഉയർത്തിയത് സ്വപ്ന സുരേഷ് അല്ല. വ്യക്തമായ തെളിവുകളോടെ ആദാനയികുതി വകുപ്പും സിഎംആർഎൽ കമ്പനിയുമാണ്. കൊടുത്തത് വ്യവസായത്തിന് തടസമാകുന്നതിനാലാണെന്നും അവർ പറഞ്ഞു. എന്നിട്ടും ഒരു ഏജൻസിയും അന്വേഷിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

ഈ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്രഏജൻസിയെ സമീപിക്കും. പ്രതിപക്ഷ നേതാവെന്ന നിലയിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജൻസി അന്വേഷണം വിഡി സതീശൻ ആവശ്യപ്പെടുമോ?. തലപോയാലും സതീശൻ കത്തയക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ എല്ലാ കൊള്ളരുതായ്മയ്ക്കും ഒത്താശ നിൽക്കുന്ന വീഡി സതീശൻ തട്ടിപ്പ് പ്രതിപക്ഷ നേതാവാണെന്നും സുരേന്ദ്രൻ പറഞ്ഞു.

തന്റെ പേരിൽ എടുത്ത കേസിൽ പതിനാല് തവണയാണ് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തന്റെ ശബദ് പരിശോധന വരെ നടത്തി. കേരളത്തിൽ മറ്റൊരു രാഷ്ട്രീയനേതാവിനെയും ഇങ്ങനെ ചെയ്തിട്ടില്ല. തനിക്കെതിരെ 346 കേസാണ് എടുത്തത്. ഏതെങ്കിലും ഒരുകേസിൽ ഒരു തവണയെങ്കിലും പൊലീസ് സതീശനെ വിളിച്ചുവരുത്തിയോ?. ലൈഫ് മിഷൻ തട്ടിപ്പ് പിണറായി നടത്തിയപ്പോലെ തന്നെ വിദേശത്ത് പോയി ചാരിറ്റി എന്നപേരിൽ പുനർജനി തട്ടിപ്പ് നടത്തിയ ആളാണ് സതീശൻ. എന്നിട്ട് പൊലീസ് എന്തെങ്കിലും അന്വേഷണം നടത്തിയോ? സതീശനാണ് പിണറായിയുടെ എല്ലാ ആനുകുല്യവും ലഭിച്ചിട്ടുള്ളത്. പിണറായി വിജയൻ പറയുന്നതിന് അപ്പുറം നീങ്ങാനുള്ള ധൈര്യം സതീശന് ഇല്ല. ഇരിയെടാ എന്ന് പറഞ്ഞാൽ അപ്പം ഇരിക്കും. നിൽക്കണമെന്ന് പറഞ്ഞാൽ അപ്പം നിൽക്കും. പിണറായി വിജയന് മന്ത്രിസഭാ അംഗങ്ങളിലുളളതിനേക്കാൾ വിശ്വാസം സതീശനോടാണ്, സുരേന്ദ്രന്‍ പറഞ്ഞു

Advertisement