ട്രഷറിയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി ധനവകുപ്പ്

Advertisement

തിരുവനന്തപുരം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ട്രഷറിയിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തി ധനവകുപ്പ്. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ പ്രത്യേക അനുമതി വേണമെന്ന് ധനവകുപ്പ് ഉത്തരവിറക്കി. വിഷയത്തിൽ കേന്ദ്രത്തെ സമീപിക്കുന്നതിനെ ചൊല്ലി ഭരണ പ്രതിപക്ഷ വാക്‌പോര് തുടരുകയാണ്.

25 ലക്ഷം രൂപ ട്രഷറി പരിധി 10 ലക്ഷമാക്കി കുറച്ചത് കഴിഞ്ഞ മാസമാണ്. ഓണച്ചെലവുകൾ വന്ന് സ്ഥിതി മോശമായതോടെ നിയന്ത്രണം കടുപ്പിച്ചു. ധനവകുപ്പിന്റെ പ്രത്യേക അനുമതിയില്ലെങ്കിൽ ഇനി 5ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ കഴിയില്ല. നിയന്ത്രണം ലംഘിച്ച് ബിൽ പാസാക്കിയാൽ കർശന നടപടിയെടുക്കുമെന്നു ട്രഷറിക്കു ധനവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
അതേസമയം സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തെ സമീപിക്കുന്നതിനെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കം തുടരുന്നു. കേന്ദ്രധനമന്ത്രിയെ കാണാൻ യുഡിഎഫ് എംപിമാർ തയ്യാറായില്ലെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ആരോപണം പ്രതിപക്ഷനേതാവ് തള്ളി.

എംപിമാർ നിവേദനത്തിൽ ഒപ്പിടാൻ തയ്യാറായില്ലെന്നാണ് പറഞ്ഞതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു. അതിനിടെ സർക്കാർ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്ത്‌ തുടങ്ങി. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വില്പനക്കാർക്കും ഉത്സവബത്ത നൽകുന്നതിനായി 24കോടി രൂപ ഇന്ന് ധനവകുപ്പ് അനുവദിച്ചു.

Advertisement