തിരുവനന്തപുരം. കോണ്ഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരാംഗമാക്കാത്തതിൽ രമേശ് ചെന്നിത്തലക്ക് അതൃപ്‌തി. 19 വർഷം മുമ്പ് വഹിച്ച പദവിയാണ് ചെന്നിത്തലക്ക് വീണ്ടും നൽകിയിരിക്കുന്നത്. കെ സി വേണുഗോപാൽ ഇടപെട്ടാണ് ചെന്നിത്തലക്ക് സ്ഥിരാംഗത്വം തടഞ്ഞതെന്ന് ഐ ഗ്രൂപ്പ് നേതാക്കൾ ആരോപിച്ചു
പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോൾ രമേശ് ചെന്നിത്തലയും ഇടം പിടിക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പട്ടിക പുറത്തു വന്നപ്പോൾ സ്ഥിരം ക്ഷണിതാവ് മാത്രമായി കേരളത്തിലെ മുതിർന്ന നേതാവ്. ചെന്നിത്തലക്കൊപ്പമോ അദ്ദേഹത്തിനു കീഴിലോ പ്രവർത്തിച്ചിരുന്ന നേതാക്കൾ പ്രവർത്തക സമിതിയിൽ സ്ഥിരാംഗങ്ങൾ ആയപ്പോഴാണ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയത്. അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്ന വികാരമാണ് ചെന്നിത്തലക്ക് ഒപ്പമുള്ളവർക്ക്. കേന്ദ്ര നേതൃത്വത്തിന്റെ നടപടിയിൽ നീരസമുള്ള രമേശ് ചെന്നിത്തല, ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചുമില്ല.
കെ സി വേണുഗോപാൽ ഇടപെട്ടാണ് ചെന്നിത്തലക്ക് സ്ഥിരാംഗത്വം തടഞ്ഞതെന്ന വികാരമാണ് അദ്ദേഹത്തിനൊപ്പമുള്ളവർക്ക്. 19 വർഷം മുമ്പ് ചെന്നിത്തല വഹിച്ച പദവിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. 2 വർഷമായി സംഘടനാ ചുമതലകൾ ഇല്ലാത്ത ചെന്നിത്തലക്ക് സുപ്രധാന പദവികൾ നൽകുമെന്നായിരുന്നു പ്രതീക്ഷ. ഇപ്പോഴത്തെ നടപടിയിലെ കടുത്ത അതൃപ്തി ചെന്നിത്തല പാർട്ടി നേതൃത്വത്തെ അറിയിക്കും. അതേസമയം, പരസ്യ പ്രകരണത്തിന് അദ്ദേഹം മുതിരില്ലെന്ന് വ്യക്തമാണ്.