തിരുവനന്തപുരം : വിക്രം സാരാഭായി സ്പേസ് സെന്ററിൽ (vssc )ടെക്നീഷൻ – B ക്യാറ്റഗറി തസ്തിയിലേക്കുള്ള പരീക്ഷയിൽ ഹൈടെക് മോഡൽ കോപ്പിയടി. ഹരിയാന സ്വദേശികളായ സുനിൽ, സുനിത്ത് എന്നിവർ പിടിയിലായി.
മൊബൈൽ ഫോണിൽ ചോദ്യപ്പേപ്പർ അയച്ച് നൽകിയ ശേഷം ഉദ്യോഗാർത്ഥികൾ ബ്ലൂട്ടൂത്ത് വഴി കോപ്പിയടിക്കുകയായിരുന്നു. മൊബൈൽ ഫോൺ അരയിലെ ബെൽറ്റിൽ കെട്ടിവെച്ച നിലയിലായിരുന്നു. ചെവിയിൽ അകത്തേക്ക് കയറ്റിവെക്കാവുന്ന രീതിയിലുള്ളതായിരുന്നു ബ്ലൂട്ടൂത്ത്. ഹരിയാനയിൽ നിന്നെത്തുന്നവർ കോപ്പിയടിക്കാൻ സാഹചര്യമൊരുക്കിയതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
തിരുവനന്തപുരത്തെ പൊലീസിന് ഹരിയാനയിൽ നിന്ന് ഇന്ന് രാവിലെ ഒരു അജ്ഞാത ഫോൺ സന്ദേശം എത്തി. വിഎസ്എസ്സിയുടെ ടെക്നീക്ഷൻ – B ക്യാറ്റഗറി തസ്തിയിലേക്കുള്ള പരീക്ഷയിൽ ഹരിയാന സ്വദേശികൾ കോപ്പിയടിക്കാൻ പദ്ധതി ഇട്ടിട്ടുണ്ടെന്നായിരുന്നു സന്ദേശം. പൊലീസ് ഈ വിവരം പരീക്ഷ സെന്ററുകളെ അറിയിച്ചു. ഉച്ചയോടെ കോട്ടൺ ഹിൽ, സെന്റ് മേരീസ് എന്നീ പരീക്ഷ സെന്ററുകളിൽ നിന്നും തിരിച്ച് പൊലീസിന് വിളിയെത്തി. രണ്ട് പേർ ഹൈടെക് രീതിയിൽ കോപ്പിയടിച്ചുവെന്നായിരുന്നു ഫോൺ കോൾ. മെഡിക്കൽ കോളേജ്, മ്യൂസിയം സ്റ്റേഷനുകളിൽ നിന്നും പൊലീസ് എത്തി ഹരിയാന സ്വദേശികളായ സുമിത് കുമാർ സുനിൽ കുമാർ എന്നിവരെ കസ്റ്റഡിയിലെടുത്തു.
പ്രതികൾ പരീക്ഷാ ഹാളിലേക്ക് പോകും മുൻപ് വയറ്റിൽ ഒരു ബെൽറ്റ് കെട്ടി അതിൽ മൊബൈൽ ഫോൺ ഘടിപ്പിച്ചു വച്ചു. ഈ മൊബൈലിന്റെ ക്യാമറ ഭാഗം ഷർട്ടിന്റെ ബട്ടൺ ഹോളിനോട് ചേർത്ത് ഒട്ടിച്ച് വച്ചു. ക്യാമറ ഓൺ ചെയ്ത് പരീക്ഷാ ഹാളിൽ കയറി. ഷർട്ടിൽ ക്യാമറ ഘടിപ്പിച്ച ഭാഗത്തേക്ക് ചോദ്യ പേപ്പർ നിവർത്തി പിടിച്ച് ടീം വ്യൂവർ വഴി ഈ ചോദ്യപ്പേപ്പറിന്റെ ദൃശ്യം അജ്ഞാത കേന്ദ്രത്തിലിരിക്കുന്ന കൂട്ടാളിക്ക് കാണിച്ച് കൊടുത്തു. ചെവിക്കകത്ത് വെച്ച കുഞ്ഞൻ ബ്ലൂട്ടൂത്ത് ഇയർഫോൺ വഴി അയാൾ പറഞ്ഞ് കൊടുക്കുന്ന ഉത്തരങ്ങൾ മുഖത്ത് ഭാവ വത്യാസമില്ലാതെ പ്രതികൾ പേപ്പറിൽ പകർത്തി. അങ്ങനെ 80 മാർക് ചോദ്യത്തിന് 70 ലധികം മാർക്കിന്റെ ശരിയുത്തരം സുനിൽ എഴുതിയിട്ടുണ്ട്. ഐപിസി 420, 406 എന്നീ വകുപ്പുകൾ പ്രകാരം വഞ്ചനയ്ക്കും ക്രിമിനൽ വിശ്വാസ ലംഘനത്തിനുമാണ് പൊലീസ് കേസെടുത്തത്.