തിരുവനന്തപുരം: വിഎസ്എസ്‌സി പരീക്ഷകൾ റദ്ദാക്കി. പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് ഞായറാഴ്ച നടന്ന ടെക്നീഷ്യൻ – ബി, ഡ്രൗട്ട്സ്മാൻ – ബി, റേഡിയോഗ്രാഫർ എന്നീ പരീക്ഷകളാണ് റദ്ദാക്കിയത്. തിരുവനന്തപുരത്തെ വിവിധ കേന്ദ്രത്തിൽ വച്ചായിരുന്നു പരീക്ഷ. പുതിയ പരീക്ഷാ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വിഎസ്എസ്‌സി അറിയിച്ചു.
പരീക്ഷ റദ്ദാക്കണമെന്നപൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഐഎസ്ആർഒ നടത്തിയ പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ 2 പേർക്കു പുറമേ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. പിടിയിലായ ഹരിയാനക്കാർ കൂലിക്ക് പരീക്ഷയെഴുതാൻ എത്തിയവരാണെന്നാണ് പൊലീസ് കണ്ടെത്തൽ. 10 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 469 ഹരായാനക്കാരാണ് പരീക്ഷയെഴുതിയത്. ഹരിയാനയിൽ ഇത്രയധികം പേർ തിരുവനന്തപുരത്ത് വന്ന് പരീക്ഷയെഴുതിയതിൽ ഗൂഡാലോചനയുണ്ടെയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
ഹരിയാന സ്വദേശികളായ സുനിൽകുമാർ, സുമിത്കുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്താനും കോപ്പിയടിക്കാനും ഉത്തരേന്ത്യൻ സ്വദേശികൾ ശ്രമം നടത്തുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ പരീക്ഷാ ഹാളിൽ കർശന പരിശോധനയ്ക്ക് പൊലീസ് നിർദേശം നൽകിയിരുന്നു.
കോട്ടൺഹിൽ സ്കൂളിൽ പരീക്ഷയെഴുതുന്നതിനിടെയാണ് സുനിൽകുമാർ പരീക്ഷാഹാളിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാരുടെ പിടിയിലായത്. ദേഹത്ത് മൊബൈൽ ക്യാമറയൊളിപ്പിച്ചാണ് ഇയാൾ പരീക്ഷ ഹാളിൽ കയറിയത്. ചോദ്യപേപ്പർ ലഭിച്ചയുടനെ സ്ക്രീൻ റെക്കോഡർ വഴി ചോദ്യ പേപ്പറിന്‍റെ ഫോട്ടോ എടുത്തു പുറത്തേക്ക് അയച്ചു. അതിനു ശേഷം ചോദ്യങ്ങളുടെ ഉത്തരങ്ങൾ ബ്ലുടൂത്ത് സ്പീക്കർ വഴി കേട്ടെഴുതുകയായിരുന്നു. 79 ചോദ്യങ്ങൾക്ക് ഇയാൾ ഉത്തരമെഴുതുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഉപകരണങ്ങൾ തുടങ്ങിയവ ഇയാളിൽ നിന്ന് കണ്ടെടുത്തു. മൊബൈൽ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങളും ദേഹത്ത് ബെൽറ്റുപയോഗിച്ച് കെട്ടിവെച്ച നിലയിലായിരുന്നു. കംപ്യൂട്ടർ, കാൽക്കുലേറ്റർ, മൊബൈൽ ഫോൺ, ഹെഡ്ഫോൺ, സ്മാർട്ട്വാച്ച് തുടങ്ങി പെൻസിൽ ബോക്സിന് വരെ നിരോധനമുണ്ടായിരുന്ന പരീക്ഷയിലാണ് കോപ്പിയടി നടന്നത്.