ആക്രമണം തുടർക്കഥയാവുന്നു; വന്ദേഭാരതിനും രാജധാനിക്കും നേരെ കല്ലേറ്

Advertisement

മലപ്പുറം: സംസ്ഥാനത്ത് വന്ദേഭാരതിന് നേരേ കല്ലേറ് തുടർക്കഥയാവുകയാണ്. വന്ദേഭാരതിനും രാജധാനി എക്സ്പ്രസിനും നേരെയാണ് ഇന്നലെ കല്ലേറുണ്ടായത്. മലപ്പുറം താനൂർ റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് ട്രെയിനിനു നേരേ
തിങ്കളാഴ്ച വൈകിട്ടോടെ കല്ലേറുണ്ടായതായാണ് പരാതി. തിങ്കളാഴ്ച വൈകിട്ട് ട്രെയിൻ സ്റ്റേഷനു തൊട്ടടുത്തുള്ള സിഗ്നൽ മറികടക്കുന്നതിനിടെയാണ് സംഭവം. കല്ലേറ് നടന്ന കൃത്യമായ സ്ഥലവും സ്വഭാവവും വ്യക്തമായിട്ടില്ല. ആർക്കും പരിക്കേറ്റിട്ടില്ല.

അതേസമയം, കാസർകോട് കാഞ്ഞങ്ങാട് വച്ച് ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് രാജധാനി എക്സ്പ്രസിനു നേരെ കല്ലേറുണ്ടായത്. തുടർന്ന് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിശദ പരിശോധന നടത്തുമെന്ന് അർപിഎഫ് അറിയിച്ചു.