റോഡുകളിലെ റെഡ് സിഗ്‌നല്‍ ലംഘിച്ച് വാഹനം ഓടിച്ചാല്‍ ഇനി പണിപാളും. മറ്റു യാത്രക്കാരെ അപകടത്തിലാക്കുന്നവിധം അലക്ഷ്യവും അശ്രദ്ധവുമായി വാഹനം ഓടിക്കുന്നെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉദ്യോഗസ്ഥര്‍ക്ക് കടക്കാം. 2017-ലെ ചട്ടപ്രകാരം ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന ഇത്തരം നിയമലംഘനങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം ലഭിച്ചു.
ഗതാഗതനിയമലംഘനങ്ങള്‍ നടത്തുന്നവരെ പിടികൂടാന്‍ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഒരോ ജില്ലയിലും പ്രധാന ട്രാഫിക് കവലകളില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒമാര്‍ നടപടിയെടുക്കുന്നത്. അതേസമയം, കാമറ പിടികൂടുന്ന കേസുകള്‍ കോടതിക്ക് കൈമാറും.