മൂന്നാറില്‍ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം

Advertisement

കൊച്ചി.മൂന്നാറില്‍ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബഞ്ചിന്‍റേതാണ് നിർദ്ദേശം. ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കാനാണ് ഹൈക്കോടതി ഉത്തരവ്.

ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് സിപിഎം ആക്ഷേപം ഉന്നയിക്കവേയാണ് സമാന കേസില്‍ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടത്.
മൂന്നാറില്‍ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ നിർദേശിച്ച ഹൈക്കോടതി
നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമെങ്കിൽ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാമെന്നും ഉത്തരവിട്ടു.
റവന്യൂ വകുപ്പിന്‍റെ എൻഒസി ഇല്ലാതെ പണിതതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസർ നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ചായിരുന്നു കെട്ടിട നിര്‍മ്മാണം.

മൂന്നാർ തേക്കടി സംസ്ഥാന പാതക്കരികിൽ ശാന്തൻപാറ ടൗണിലാണ് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് പണിയുന്നത്. സിപിഎം ജില്ല സെക്രട്ടറി സിവി വർഗീസിന്‍റെ പേരിലുള്ള എട്ടു സെൻറ് സ്ഥലത്താണ് നിർമ്മാണം. ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ ഏഴ് വില്ലേജുകളിൽ വീട് നിർമ്മിക്കുന്നതിന് പോലും റവന്യു വകുപ്പിന്‍റെ എൻ ഒ സി വാങ്ങണമെന്നാണ് നിയമം. എന്നാൽ ഒൻപതു മാസമായി നിയമലംഘനം തുടരുകയായിരുന്നു.

Advertisement