കാടമുറി കൈയേറ്റ സമരത്തില്‍ അധികൃതരുടെ ഇടപെടല്‍,ബാബുജി തൽക്കാലത്തേക്ക് നിരാഹാരം നിർത്തിവയ്ക്കുന്നു

Advertisement

കാടമുറി(കോട്ടയം). കള്ള പ്രമാണം ചമച്ചുകൊണ്ട് ‘നമ്മൾ കുടുംബവീട്’ കയ്യേറിയ സംഭവത്തില്‍ ഒരു വര്‍ഷമായി നടക്കുന്ന സമരത്തിന് പരിഹാരമില്ലാത്തതില്‍ പ്രതിഷേധിച്ച് വയോധിക ദമ്പതികള്‍ നടത്തിയ നിരാഹാര സമരം അധികൃതരുടെ ഉറപ്പില്‍ താല്‍ക്കാലികമായി നിര്‍ത്തി.

വാസസ്ഥാനം കയ്യേറിയ ഉണ്ണികൃഷ്ണൻ ഗുരുക്കളെ പുറത്താക്കുക, ലൈസൻസും പഞ്ചായത്തിന്റെ അംഗീകാരവും പൊലൂഷൻ കൺട്രോൾ ബോർഡിൻറെ അംഗീകാരവും ഇല്ലാതെ പ്രവർത്തിക്കുന്ന കളരിയും ആശുപത്രിയും പൂട്ടുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ് ബാബുജിയും ഭാര്യ വിജയവുമാണ് സമരം തുടങ്ങിയത്. ആദ്യം വിജയവും പിന്നീട് ബാബുജി കഴിഞ്ഞ ആറു ദിവസമായും സമരം തുടരുകയായിരുന്നു.

എന്നാൽ ഈ കാലയളവിനുള്ളിൽ പഞ്ചായത്ത് ലൈസൻസ് നിഷേധിച്ചുകൊണ്ടുള്ള പേപ്പർ ബാബുജിക്കും ഉണ്ണികൃഷ്ണനും കൈമാറുകയും, പൊലൂഷൻ കൺട്രോൾ ബോർഡ് അവരുടെ അംഗീകാരം ഇല്ലായ്മ ഡോക്യുമെന്റ് രൂപത്തിൽ കൈമാറുകയും സ്പോർട്സ് കൗൺസിൽ കളരിക്ക് അംഗീകാരമില്ല എന്നത് രേഖാമൂലം അറിയിക്കുകയും ചെയ്തു കഴിഞ്ഞു.

കളരി പൂട്ടുന്നതിന് വേണ്ടിയുള്ള നടപടികൾ പോലീസ് ആരംഭിച്ചു. പൂട്ടുന്നതിനു വേണ്ടിയുള്ള ഉത്തരവ് ഔദ്യോഗികമായി തന്നെ ഉണ്ണികൃഷ്ണന് കൈമാറുകയും ചെയ്തു. ഒന്നോ രണ്ടോ ദിവസത്തിനകം ആ നടപടികൾ പൂർത്തീകരിക്കും എന്ന് ഉറപ്പു നൽകുകയും ചെയ്തു. ഉപരിയായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അഞ്ചുദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെന്ന നിർദ്ദേശം കളക്ടർക്ക് നൽകുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ഔദ്യോഗിക സംവിധാനങ്ങൾക്ക് പ്രശ്നം പരിഹരിക്കുന്നതിനുള്ള സാഹചര്യമൊരുക്കുക എന്ന ഉദ്ദേശത്തോടുകൂടി ശ്രീ ബാബുജി തുടർന്നുവരുന്ന നിരാഹാരസമരം ഏതാനും ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയാണ്. സമരസമിതിയുടെ തീരുമാനപ്രകാരം കൺവീനർ ശ്രീ രാജഗോപാൽ വാകത്താനം നൽകിയ ഇളനീർ കുടിച്ചു കൊണ്ടാണ് ബാബുജി സമരം അവസാനിപ്പിച്ചത്

എന്നാൽ മറ്റു സമരപരിപാടികൾ പഴയതുപോലെതന്നെ തുടരും. കൂടാതെ ഇലക്ഷൻ പ്രമാണിച്ച് സമരസമിതിയുടെ ആഭിമുഖ്യത്തിൽ ജനങ്ങളുടെ ഇടയിൽ ഈ വിഷയം ചർച്ച ചെയ്യുന്നതിന് വേണ്ടിയുള്ള പരിപാടികളും തീരുമാനിച്ചു നടപ്പാക്കും. ബെന്നി ബഹനാന്‍ എംഎല്‍എയും പ്രശ്നത്തില്‍ ഇടപെട്ട് രംഗത്തെത്തി.

അധികാരികളുടെ പക്ഷത്തുനിന്നും വീണ്ടും ശരിയായ രീതിയിലുള്ള ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഏതാനും ദിവസങ്ങൾക്ക് ശേഷം നിരാഹാര സമരം പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Advertisement