ട്രാൻസ്ജെന്‍റർ വ്യക്തികളുടെ ലിംഗ മാറ്റ ശസ്ത്രക്രിയ; തുടർ ചികിത്സാ സഹായത്തിനുള്ള പ്രായപരിധി ഒഴിവാക്കി

Advertisement

തിരുവവനന്തപുരം: ലിംഗമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായവരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരുമായ ട്രാൻസ്ജെന്റർ വ്യക്തികളുടെ തുടർ ചികിത്സാധനസഹായത്തിനുള്ള ഉയർന്ന പ്രായപരിധി ഒഴിവാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പ്രായപരിധി 18നും 40നും മദ്ധ്യേ എന്നുള്ള മുൻ നിബന്ധന ഒഴിവാക്കി പകരം 18 വയസ്സ് പൂർത്തിയായതും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായവരുമായ എല്ലാ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും എന്ന് ദേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ശസ്ത്രക്രിയ തുടർന്നുവരുന്ന ഒരു വർഷക്കാലയളവിലേയ്ക്ക് പ്രതിമാസം 3000 രൂപ വീതമാണ് ധനസഹായം നൽകുന്നത്. അപേക്ഷിക്കുന്ന വ്യക്തികൾക്ക് ട്രാൻസ്ജെൻഡർ ഐഡി കാര്‍ഡ്, മേൽവിലാസം തെളിയിക്കു ന്നതിനുള്ള രേഖ (Adhaar, Voters ID) ഉണ്ടായിരിക്കണം. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ റിപ്പോർട്ടും, ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യ പത്രവും വേണം.

ട്രാൻസ്ജെൻ‍ഡറുകൾക്കുള്ള ലിംഗമാറ്റ (സെക്‌സ്‌ റീ അസൈൻമെന്റ്‌ സർജറി) ശസ്ത്രക്രിയക്ക്‌ മെഡിക്കൽ കോളേജിൽ സൗകര്യമൊരുക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ​ഗ്‌ധരുടെ നേതൃത്വത്തിൽ ഇതിന്‌ മാനദണ്ഡം തയ്യാറാക്കി. സംസ്ഥാനത്ത് എസ്ആർഎസ് ശസ്ത്രക്രിയ പിഴവില്ലാതെ നടത്തുകയാണ് ലക്ഷ്യമെന്നും. ശസ്ത്രക്രിയയിൽ മുൻപരിചയം ഇല്ലാത്ത ഡോക്ടർമാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.

Advertisement