അവ്യക്തമായ ഉത്തരങ്ങള്‍ നല്‍കി ക്രൈംബ്രാഞ്ചിനെ വഴിതെറ്റിച്ചു. താന്‍ കബളിപ്പിക്കപ്പെട്ടെന്ന് ഏറ്റുപറച്ചില്‍. റിമാന്‍ഡിലാവാത്തതിനാല്‍ തത്കാലം സസ്പെന്‍ഷനില്ല. ഐ.ജി ഇനിയും കാക്കിയിട്ട് വിലസുമോ?
കൊച്ചി: ചന്ദ്രയാൻ-3ന്റെ ലാൻഡിംഗിലേക്ക് എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞ സമയത്ത്, തന്ത്രപൂര്‍വം ക്രൈംബ്രാഞ്ചിന് മുന്നിലെത്തി പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി ഐ.ജി ഗുഗുലോത്ത് ലക്ഷ്മണ്‍.
കളമശേരി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായ ഐ.ജിയെ 7മണിക്കൂറാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്തത്. ഇതുവരെയുള്ള കണ്ടെത്തലുകള്‍ നിരത്തിയും പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലികളുടെ അടിസ്ഥാനത്തിലുമായിരുന്നു ചോദ്യം ചെയ്യല്‍. മിക്ക ചോദ്യങ്ങള്‍ക്കും അവ്യക്തമായ ഉത്തരം നല്‍കി ക്രൈംബ്രാഞ്ചിനെ കുഴയ്ക്കുകയായിരുന്നു ഐ.ജി.
മോൻസണ്‍ മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന് തോന്നിയിരുന്നെങ്കിലും അയാളുടെ വാക്ചാതുരിയില്‍ വീണുപോയെന്നും താൻ കബളിപ്പിക്കപ്പെട്ടെന്നുമാണ് ഐ.ജി പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ക്രൈംബ്രാഞ്ച് വിശ്വാസത്തിലെടുത്തിട്ടില്ല. 2018 മുതല്‍ ലക്ഷ്മണയ്ക്ക് മോൻസണുമായി സൗഹൃദമുണ്ട്. ഒരാള്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിട്ടും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ എന്തിന് സൗഹൃദം തുടര്‍ന്നു എന്നതാണ് ക്രൈംബ്രാഞ്ചിനെ ആശ്ചര്യപ്പെടുത്തിയത്.
ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ വൈകിട്ട് ആറോടെ ഐ.ജി ലക്ഷ്മണയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടു. ഗൂഢാലോചനയിലെ പങ്കാളിത്തം വ്യക്തമായതോടെയാണ് അറസ്റ്റ്. കേസിലെ പ്രധാന സൂത്രധാരൻ ലക്ഷ്മണാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അതേസമയം റിമാൻഡിലാവത്തതിനാല്‍ ഐ.ജിയെ തത്കാലം സസ്പെൻഡ് ചെയ്തിട്ടില്ല. പരിശീലന വിഭാഗം ഐ.ജിയാണ് ലക്ഷ്മണ്‍ ഇപ്പോള്‍.
രണ്ട് തവണ ചോദ്യം ചെയ്യലില്‍ നിന്ന് വിട്ടുനിന്ന ലക്ഷ്മണ, ഹൈക്കോടതി അറസ്റ്റുതടഞ്ഞ ആശ്വാസത്തിലാണ്
ക്രൈംബ്രാഞ്ചിന് മുന്നിലേക്കെത്തിയത്. ഐ.ജി ലക്ഷ്മണ്‍ വ്യാജപുരാവസ്തുക്കള്‍ ഇടനിലക്കാരിയെ ഉപയോഗിച്ച് വിറ്റഴിക്കാൻ ശ്രമിച്ചെന്നും തട്ടിപ്പിന് പൊലീസുകാരെ കരുവാക്കിയെന്നുമാണ് ക്രൈംബ്രാഞ്ച്
കണ്ടെത്തല്‍. ഔദ്യോഗിക വാഹനത്തില്‍ ഗണ്‍മാൻമാരുമായി ഐ.ജി നിരവധി തവണ മോൻസണിന്റെ കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളിലെത്തി. വീട്ടിലെത്തുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമുപയോഗിച്ച് മോൻസണ്‍ ഇടപാടുകാരില്‍ വിശ്വാസമുണ്ടാക്കി കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
മുൻപ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴെല്ലാം ഹാജരാകാൻ കഴിയാതിരുന്നത് ആയുര്‍വേദ ചികിത്സയെ തുടര്‍ന്നാണെനാണ് ലക്ഷ്മണ്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. ആയുര്‍വേദ ചികിത്സയിലാണെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍ സമര്‍പ്പിച്ച മെഡിക്കല്‍ രേഖ വ്യാജമാണോയെന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച്. ലക്ഷ്മണിന്റെ മുൻകൂര്‍ ജാമ്യം റദ്ദാക്കണമെന്ന് കാട്ടി നല്‍കിയ ഹര്‍ജി പിൻവലിക്കണമെന്ന് കാട്ടി ക്രൈംബ്രാഞ്ച് ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
മോൻസണ്‍ മാവുങ്കലാണ് ഒന്നാം പ്രതി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, മുൻ ഡി.ഐ.ജി എസ്.സുരേന്ദ്രൻ, യൂത്ത് കോണ്‍ ഗ്രസ് നേതാവായ എബിൻ എന്നിവരാണ് രണ്ട് മുതല്‍ അഞ്ചുവരെയുള്ള മറ്റുപ്രതികള്‍.
മോൻസണ്‍ മാവുങ്കലിന്റെ ‘വ്യാജ പുരാവസ്തുക്കള്‍’ ഇടനിലക്കാരിയെ ഉപയോഗിച്ച് വിറ്റഴിക്കാൻ ശ്രമിക്കുകയും, തട്ടിപ്പിന് പൊലീസുകാരെ കരുവാക്കുകയും ചെയ്തതായി ഐ.ജി ഗുഗുലോത്ത് ലക്ഷ്മണിനെതിരെ ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പൊലീസിന്റെ അധികാരമുപയോഗിച്ച് തട്ടിപ്പുകാരനെ സംരക്ഷിച്ചെന്ന് ഡിജിറ്റല്‍ തെളിവുകള്‍ സഹിതം ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. മൂന്നു വര്‍ഷമായി ഐ.ജിക്ക് മോൻസണുമായി ബന്ധമുണ്ടെന്നും, മോൻസണിന്റെ പുരാവസ്തു കച്ചവടത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെയടക്കം ഉപയോഗിച്ചെന്നും കണ്ടെത്തിയിരുന്നു.
ക്രൈംബ്രാഞ്ച് കണ്ടെത്തലുകള്‍ ഇങ്ങനെ- ഇടനിലക്കാരിയായ ആന്ധ്രാ സ്വദേശിനിയെ മോൻസണിന് പരിചയപ്പെടുത്തി. സ്വര്‍ണ ബൈബിള്‍, ഗണേശ വിഗ്രഹം, ഖുറാൻ, രത്നങ്ങള്‍ തുടങ്ങിയവ വില്‍പ്പനയ്ക്ക് ശ്രമിച്ചു. പേരൂര്‍ക്കട പൊലീസ് ക്ലബില്‍ മൂവരും കൂടിക്കണ്ടു. മോൻസണിന്റെ വീട്ടില്‍ നിന്ന് പുരാവസ്തുക്കള്‍ തിരുവനന്തപുരത്ത് പൊലീസ് ക്ലബില്‍ എത്തിക്കാൻ ഗണ്‍മാൻമാരെയടക്കം നിയോഗിച്ചു. അപൂര്‍വ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട് അടക്കം വില്‍പ്പന നടത്താൻ ഐ.ജി പദ്ധതിയിട്ടതിന്റെ തെളിവുകള്‍ ക്രൈബ്രാഞ്ചിന് കിട്ടി. തട്ടിപ്പു കേസില്‍ പ്രതിയായ ശേഷവും ഐ.ജി മോൻസണുമായി അവിശുദ്ധ ബന്ധമുണ്ടാക്കി. വീട്ടില്‍ ഉന്നത പൊലീസുദ്യോഗസ്ഥന്റെ സാന്നിദ്ധ്യം ഇടപാടുകാരില്‍ വിശ്വാസമുണ്ടാക്കാനും അതു വഴി കൂടുതല്‍ തട്ടിപ്പുകള്‍ക്കും മോൻസണ്‍ ഉപയോഗിച്ചു.