ഇടതു ക്യാമ്പിന് ആവേശം തീർത്ത് ഇന്ന് പിണറായി പുതുപ്പള്ളിയില്‍

Advertisement

കോട്ടയം. ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുന്ന പുതുപ്പള്ളിയിൽ ഇടതു ക്യാമ്പിന് ആവേശം തീർത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും ഒളിച്ചോടിയെന്ന പ്രതിപക്ഷ വിമർശനത്തിനിടെയാണ് മുഖ്യമന്ത്രി മണ്ഡലത്തിലെത്തുന്നത്. മകൾക്കെതിരായ മാസപ്പടി ആരോപണത്തിൽ ഉൾപ്പെടെ മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുമോ എന്നതാണ് ജനം ഉറ്റു നോക്കുന്നത്.

തൃക്കാക്കര ഉപതെരഞ്ഞടുപ്പിൽ മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച മുഖ്യമന്ത്രി പക്ഷെ, പുതുപ്പള്ളിയിൽ ആദ്യമായാണ് എത്തുന്നത് . ഇന്ന് പുതുപ്പള്ളി, അയർക്കുന്നം പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന അദ്ദേഹം, സെപ്റ്റംബർ 30, നവംബർ 1 തീയതികളിലും മണ്ഡലത്തിലെത്തും. പ്രചരണ രംഗത്ത് നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന വിമർശനം പ്രതിപക്ഷം കടുപ്പിക്കുന്നതിനിടെയാണ് അദ്ദേഹം മണ്ഡലത്തിലെത്തുന്നത്. മന്ത്രിമാരും പുതുപ്പള്ളിയിൽ സജീവമാകുന്നുണ്ട്. ഇനിയറിയേണ്ടത്, മകൾക്കെതിരായ ആരോപണങ്ങളിൽ ഉൾപ്പെടെ പുതുപ്പള്ളിയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുമോ എന്നതാണ്.

വിവാദങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം ആയുധമാക്കുന്ന പ്രതിപക്ഷവും മുഖ്യമന്ത്രി എന്ത് പ്രതികരിക്കുമെന്നതിലാണ് ചെവി കോർക്കുന്നത്. രാവിലെ കോട്ടയത്തു നടക്കുന്ന ഇടതുമുന്നണി യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ഇതുവരെയുള്ള പ്രചരണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തും. അതേസമയം, വാഹന പ്രചരണം ആരംഭിച്ചു മുന്നോട്ട് പോവുകയാണ് യുഡിഎഫും ബിജെപിയും. പ്രതിപക്ഷ നേതാക്കളും കേന്ദ്ര മന്ത്രിമാരും ഉൾപ്പെടെ മണ്ഡലത്തിൽ സജീവം. ഇടതു സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ വാഹന പ്രചരണം നാളെ ആരംഭിക്കും.

Advertisement