കണ്ണൂർ: യാത്രക്കാർ വിമാനത്തിൽ നിന്നിറങ്ങി വന്നപ്പോൾ ഗേറ്റ് തുറന്നില്ല. വിമാനം ഇറങ്ങുന്ന സമയത്തെക്കുറിച്ചുള്ള വിവരം കൈമാറുന്നതിൽ വന്ന പാകപ്പിഴയാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരിൽ നടപടികൾ സ്വീകരിക്കുമെന്നും കിയാൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ദോഹയിൽ നിന്നുള്ള വിമാനത്തിൽ കണ്ണൂരിൽ ഇറങ്ങിയ യാത്രക്കാർ എയറോ ബ്രിഡ്ജ് വഴി വിമാനത്താവളത്തിലേക്ക് വന്നപ്പോൾ അറൈവൽ ഗേറ്റ് തുറന്നിരുന്നില്ല. ഗ്ലാസ് ഡോർ അടച്ച് ചങ്ങല കൊണ്ട് പൂട്ടിയ നിലയിലായിരുന്നു ഗേറ്റ്. ഇതുമൂലം എല്ലാ യാത്രക്കാർക്കും ഗേറ്റിന് മുന്നിൽ കാത്തു നിൽക്കേണ്ടി വന്നു. പലരും കാത്തുനിൽക്കുന്നതിനിടെ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു. രൂക്ഷമായ പ്രതികരണമാണ് കണ്ണൂർ വിമാനത്താവള അധികൃതർക്കെതിരെ പ്രവാസികളിൽ നിന്നടക്കം സോഷ്യൽ മീഡിയയിലൂടെ ഉണ്ടായത്.
യാത്രക്കാർക്ക് അഞ്ച് മിനിറ്റും 40 സെക്കന്റും സമയം അറൈവൽ ഗേറ്റിലെ തുറക്കാത്ത വാതിലിന് മുന്നിൽ കാത്തുനിൽക്കേണ്ടി വന്നുവെന്ന കാര്യം മനസിലാക്കിയിട്ടുണ്ടെന്ന് കിയാൽ പുറത്തിറക്കിയ പ്രസ്താവനയിലും പറയുന്നു. ഉദ്യോഗസ്ഥർക്കെതിരായ നടപടികൾക്ക് പുറമെ വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസറും ചീഫ് എയറോഡ്രോം സെക്യൂരിറ്റി ഓഫീസറും കണ്ണൂർ വിമാനത്താവളം വഴി സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളുടെയും ഗ്രൗണ്ട് ഹാന്റ്ലിങ് കമ്പനികളുടെയും യോഗം വിളിച്ചിട്ടുമുണ്ട്.
ഭാവിയിൽ ദൗർഭാഗ്യകരമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നും വിമാനത്താവള അതോറിറ്റി വിശദീകരിക്കുന്നു. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ കണ്ണൂർ വിമാനത്താവളത്താവള മാനേജ്മെന്റ് അതിയായി ഖേദിക്കുന്നതിനൊപ്പം യാത്രക്കാർക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഭാവിയിൽ ഉറപ്പുവരുത്തുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
Read also: ബാത്ത് റൂമിൽ പോകുമ്പോഴും ഭക്ഷണം കഴിക്കാൻ പോകുമ്പോഴും ഒപ്പിട്ടിട്ട് പോകണമെന്ന് നിർദ്ദേശം; വൈറലായ കുറിപ്പ് !
2420 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം അതിന്റെ ചരിത്രത്തലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഏതാനും വിമാന കമ്പനികൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. സർവീസ് കുറഞ്ഞതോടെ നിരക്കുകളും കുത്തനെ കൂടി. വിമാനത്താവള കമ്പനി ദൈനംദിന ചെലവുകൾ പോലും നടത്തിക്കൊണ്ടു പോകാൻ പ്രതിസന്ധി നേരിടുന്നുവെന്ന തരത്തിലും റിപ്പോർട്ടുകളുണ്ടായിരുന്നു.
വിമാനത്താവളം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സംഘടനകൾ ഉൾപ്പെടെ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. സർക്കാറുകളും വിവിധ രാഷ്ട്രീയ പാർട്ടികളും വിമാനത്താവള വിഷയത്തെ വേണ്ടവിധം പ്രധാന്യം നൽകി പരിഗണിക്കുന്നില്ലെന്ന പരാതിയും പ്രവാസികൾക്കുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് വലിയ സാധ്യതയുള്ള വിമാനത്താവളത്തെ തകർക്കുകയാണെന്നും ഒരു പ്രദേശത്തിന്റെ വികസന സാധ്യതകൾ തന്നെ ഇല്ലാതാക്കുകയാണെന്നും പ്രവാസി സംഘടനകൾ ആരോപിക്കുന്നു.