സിപിഎം ഓഫീസ് നിർമ്മാണം, പാര്‍ട്ടി ജില്ലാ സെക്രട്ടറിയ്ക്കെതിരെ ഹൈ കോടതി

Advertisement

കൊച്ചി.മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ജില്ലാ സെക്രട്ടറിയ്ക്കെതിരെ കോടതിയലക്ഷ്യകേസ്.
കോടതി ഉത്തരവ് ലംഘിച്ച് പാര്‍ട്ടി ഓഫീസ് നിർമാണം തുടർന്നതിലാണ് നടപടി. അതേസമയം നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനുള്ള ജില്ലാ കളക്ടറുടെ രേഖാമൂലമുള്ള ഉത്തരവ് ലഭിച്ചത് ഇന്നലെ മാത്രമാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗ്ഗീസിന്റെ ന്യായീകരണം.

അതിരൂക്ഷമായ വിമര്‍ശനമാണ് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗ്ഗീസിനെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്ന് വിമര്‍ശിച്ച ഡിവിഷന്‍ ബെഞ്ച് കോടതി ഉത്തരവ് ലംഘിച്ചു എങ്ങനെ നിർമാണം തുടർന്നുവെന്ന് ആരാഞ്ഞു. ബൈസൻവാലിയിൽ സ്റ്റോപ്പ്‌ മെമ്മോ കൊടുത്തില്ലേ എന്നും കോടതി ഉത്തരവിനെ കുറിച്ച് അജ്ഞത നടിക്കരുതെന്നും തുറന്നടിച്ചു. ശാന്തൻപാറയിലെ കെട്ടിടം ഇനി ഒരു ഉത്തരവ് വരുന്നത് വരെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം ജില്ലാ കളക്ടറുടെ രേഖാമൂലമുള്ള ഉത്തരവ് ലഭിച്ചത് ഇന്നലെ മാത്രമാണെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്നും സി വി വർഗീസ് പറഞ്ഞു.

പാർട്ടി ഓഫിസ് നിർമിക്കുന്നതു വിലക്കി ചൊവ്വാഴ്ചയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
നിർമാണം തടഞ്ഞ് ഉത്തരവിട്ടിട്ടും രാത്രിയിലും നിർമാണ പ്രവർത്തനങ്ങൾ തുടർന്നെന്ന ആരോപണമാണ് ഹൈക്കോടതി പരിഗണിച്ചത്

Advertisement