കോണ്‍ഗ്രസിന് മതനിരപേക്ഷ നിലപാടില്ലെന്ന് മുഖ്യമന്ത്രി

Advertisement

കോട്ടയം . പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇടതു ക്യാമ്പിന് ഊർജം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ ആരോപണങ്ങൾ മുഖവിലക്കെടുക്കാതെ സർക്കാരിന്റെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കോണ്‍ഗ്രസ് ഒരു മതനിരപേക്ഷ പാര്‍ട്ടിയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ മതനിരപേക്ഷതുമായി ബന്ധപ്പെട്ട് പറയുകയാണെങ്കില്‍ വര്‍ഗീയതയെ എതിര്‍ക്കുക എന്നതാണ് അടിസ്ഥാനപരമായ കാര്യം. രാജ്യത്ത് സമീപകാലത്തുണ്ടായ കാര്യങ്ങള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന് അത്തരത്തിലൊരു നിലപാടില്ലെന്ന് മനസിലാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം വലിയ തോതില്‍ അവഗണിക്കപ്പെടുന്നു; മോദി സര്‍ക്കാരിനെതിരായ നിവേദനത്തില്‍ ഒപ്പുവെയ്ക്കാന്‍ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറായില്ല

തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ
മുഖ്യമന്ത്രിയുടെ അസാന്നിധ്യം പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് പുതുപ്പള്ളിയിലെ പിണറായിയുടെ പടയിറക്കം. സർക്കാരിനെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് വേണ്ടി കാതോർത്ത പ്രതിപക്ഷത്തിന് പ്രതീക്ഷക്ക് വക നൽകാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു. യുഡിഎഫ് സർക്കാരിന് വികസന പദ്ധതികളിൽ പിന്തിരിപ്പൻ സമീപനമായിരുന്നുവെന്നും കുറ്റപ്പെടുത്തി

പുതുപ്പള്ളിയിലെ വികസന മുരടിപ്പ് ഇടതുപക്ഷം ആയുധമാക്കുമ്പോൾ, ഉമ്മൻ‌ചാണ്ടിക്കെതിരെ പരോക്ഷ വിമർശനം പോലും ഉണ്ടാകാതിരിക്കാനും മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിച്ചു. പുതുപ്പള്ളി, അയർകുന്നം പഞ്ചായത്തുകളിലായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികൾ.

Advertisement