കൊച്ചി:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുൻ മന്ത്രിയും സിപിഎം എംഎല്‍എയുമായ എ. സി മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി).
ഓഗസ്റ്റ് 31ന് എ.സി മൊയ്തീൻ ഹാജരാകണമെന്ന് കാട്ടി ഇ.ഡി നോട്ടീസ് അയച്ചു. കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീന്‍റെ വീട്ടില്‍ ഉള്‍പ്പടെ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് 15 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചിരുന്നു. 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി വ്യക്തമാക്കി.
മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍സംഭാഷങ്ങള്‍ നടന്നതായും മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്നും കണ്ടെത്തിയതായും ഇഡി പറയുന്നു.
മൊയ്തീനെ കൂടാതെ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തി. ഇവര്‍ മൊയ്തീന്‍റെ ബിനാമികളാണെന്നും ഇ.ഡി സംശയിക്കുന്നു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് 150 കോടി രൂപ ബിനാമി ഇടപാടിലൂടെ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീൻ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.