മലപ്പുറം: ജനങ്ങളെ ഭീതിയിലാക്കി മമ്പാട് വടപുറം താളിപ്പൊയിലിൽ വീണ്ടും കടുവയുടെ സാന്നിധ്യം. രണ്ടുമാസം മുൻപും പ്രദേശത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. ചാലിയാർ തീരങ്ങളിലും ജനവാസ മേഖലയോടു ചേർന്ന കൃഷിയിടത്തും ചൊവ്വാഴ്ചയും ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെത്തി. ഇതും കടുവയുടേതാണെന്ന് വനപാലകർ സ്ഥിരീകരിച്ചു. വയനാട് വനം വന്യജീവി വിഭാഗവുമായി കൂടിയാലോചന നടത്തിയാണ് സ്ഥിരീകരിച്ചത്.
പുഴയുടെ തീരത്ത് കാൽപ്പാടുകൾ കണ്ടതായ വിവരങ്ങളെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് വനപാലകർ പരിശോധന നടത്തിയിരുന്നു. ബുധനാഴ്ചയും കാൽപ്പാടുകൾ കണ്ടെന്ന വിവരത്തെത്തുടർന്ന് പരിശോധനകൾ തുടർന്നു. വിശദ പരിശോധനയും സ്ഥലത്ത് നിരീക്ഷണങ്ങളും നടത്തി. വനപ്രദേശങ്ങളിലും തോട്ടം മേഖലയിലും ജനവാസ മേഖലയിലും പരിശോധന നടന്നു. എടക്കോടു വനമേഖലയിൽ നിന്നാണ് കടുവയെത്തിയതെന്ന് വനപാലകർ പറഞ്ഞു. ചാലിയാർ പുഴ മുറിച്ചുകടന്നാണ് കടുവ താളിപ്പൊയിൽ ഭാഗത്തെ ജനവാസ മേഖലയോടു ചേർന്ന കൃഷിയിടത്തെത്തിയത്.
രണ്ടുമാസം മുൻപ് പുഴയിലെ തുരുത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. പത്തിലധികം കാൽപ്പാടുകളാണ് അന്ന് കണ്ടെത്തിയത്. ഇത്തവണ കൂടുതൽ കാൽപ്പാടുകളുണ്ട്. കാൽപ്പാടുകൾക്ക് നെടുകയും കുറുകെയും 12 മുതൽ 15 സെൻറീമീറ്റർ വരെ നീളമുണ്ട്. പുഴ മുറിച്ചു കടന്ന് താളിപ്പൊയിൽ ഭാഗത്തെത്തിയ ഇത് തിരികെ വനമേഖലയിലേക്കു തന്നെ പ്രവേശിച്ചെന്നാണ് വനപാലകർ വിലയിരുത്തുന്നത്. വന്യജീവികളെ വേട്ടയാടിയതിന്റെയോ ജനവാസമേഖലയിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ചതിന്റെയോ ലക്ഷണങ്ങളൊന്നുമില്ല.
രണ്ടുമാസം മുൻപ് മൂവായിരം വനമേഖലയിലെ ചാലിയാർ പഞ്ചായത്തിലെ വെണ്ണക്കോട് കോളനിയിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതിനോടു ചേർന്നുള്ള വനമേഖലയാണ് എടക്കോട്. നേരത്തെ സ്ഥിരം താവളത്തിലേക്ക് തന്നെ മടങ്ങിയ കടുവ വീണ്ടും എത്തിയതാകാമെന്നാണ് വനപാലകരുടെ നിഗമനം. പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും തുടർച്ചയായി ലക്ഷണങ്ങൾ കണ്ടതോടെ ക്യാമറകൾ സ്ഥാ പിച്ചുള്ള നിരീക്ഷണ സംവിധാനത്തിന് ഡി.എഫ്.ഒയ്ക്ക് ശുപാർശ സമർപ്പിച്ചെന്നും എടക്കോട് വനം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ. നാരായണൻ പറഞ്ഞു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി.പി. ദിലീപ്, സി.പി.ഒ. എസ്. രാഹുൽ, കെ. ശറഫുദീൻ എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.