സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, കോട്ടയം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ 34°C വരെയും,കണ്ണൂർ, എറണാകുളം, തൃശൂർ ജില്ലകളിൽ 33°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. സാധാരണയെക്കാൾ മൂന്ന് മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിച്ചേക്കും. സൂര്യാഘാത – സൂര്യാതപ സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണം തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ. വരും ദിവസങ്ങളിലും വരണ്ട അന്തരീക്ഷ സ്ഥിതി തുടർന്നേക്കും. സെപ്റ്റംബർ പകുതിയോടെ നേരിയ മഴക്ക് സാധ്യത പ്രവചിക്കുന്നു.