സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏർപ്പെടുത്തില്ല; സ്‌മാർട്ട് മീറ്റർ സ്ഥാപിക്കാനും തീരുമാനം

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടൻ ഏർപ്പെടുത്തില്ല. സെപ്റ്റംബർ നാലുവരെ പുറത്തുനിന്നും വൈദ്യുതി വാങ്ങും. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാൻ മുഖ്യമന്ത്രി നിർദേശം. നൽകി. ജലവൈദ്യുതി പദ്ധതികളിൽ നിന്നുമാത്രം ആവശ്യമായ വൈദ്യുതി ഉൽപ്പാദനം സാധ്യമാകില്ലെന്ന് കണ്ട് വൈദ്യുതി കണ്ടെത്തുന്നതിനായി പദ്ധതി തയ്യാറാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സാധാരണക്കാർക്ക് ദോഷകരമാകാതെ വൈദ്യുതി സ്‍മാർട്ട് മീറ്റർ സ്ഥാപിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കേന്ദ്ര സർക്കാർ നിർദേശിച്ചതിൽ നിന്നുമാറി ചെലവുകുറച്ച് പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യതയാണ് സർക്കാർ പരിശോധിക്കുന്നത്. ടോട്ടെക്സ് മാതൃകയും ഒഴിവാക്കും.

പുതിയ സംവിധാനത്തിൽ ബില്ലിങ്, അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള സോഫ്റ്റ് വെയർ കെഎസ്ഇബി തന്നെ രുപപ്പെടുത്തും. കെ-ഫോൺ വന്നതോടെ കെഎസ്ഇബിക്ക് സൗജന്യമായി നൽകിയ ഫൈബർ ഒപ്റ്റിക്ക് കേബിൾ ഉപയോഗിച്ച് വിവരവിനിമയം നടത്തും. കെഎസ്ഇബി ഡാറ്റ സെൻറർ ഉപയോഗിച്ച് ഡാറ്റ സ്റ്റോറേജും നടത്തും. പഴയ മീറ്റർ മാറ്റി സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന ജോലി കെഎസ്ഇബി ജീവനക്കാർ നിർവഹിക്കും.

സ്മാർട്ട് മീറ്ററിൻറെ വില, ഹെഡ് എൻഡ് സിസ്റ്റം, മീറ്റർ ഡാറ്റാ മാനേജ്മെൻറ്, കമ്മ്യൂണിക്കേഷൻ സിസ്റ്റം, ക്ലൗഡ് സ്റ്റോറേജ് നിരക്കുകൾ, മറ്റു സോഫ്റ്റ് വെയർ ടെസ്റ്റിങിനും സൈബർ സെക്യൂരിറ്റിക്കുമുള്ള നിരക്കുകൾ, 93 മാസത്തേക്കുള്ള ഓപ്പറേഷൻ ആൻഡ് മെയ്ൻറനൻസ് നിരക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് ടോട്ടെക്സ് മാതൃക. ഇതിനായി ചെലവാക്കുന്ന തുക 93 പ്രതിമാസ തവണകളായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി bഴി വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത കാലയളവിൽ പരിപാലനവും പ്രവർത്തനവും ഏജൻസിയെ ഏൽപ്പിക്കുന്ന ഈ മാതൃക നടപ്പാക്കുന്നതിതോട് സംസ്ഥാനത്തെ തൊഴിലാളി സംഘടനകളും വിയോജിച്ചിരുന്നു.

കെഎസ്ഇബിയുടെ നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്റർ ഘടിപ്പിക്കില്ല. ആദ്യഘട്ടമായി വ്യവസായ-വാണിജ്യ ഉപയോക്താക്കൾക്കാണ് സംവിധാനം ഏർപ്പെടുത്തുക. മൂന്നു ലക്ഷത്തിൽ താഴെയുള്ളവരാണ് പുതിയ സംവിധാനത്തിൻറെ ഭാഗമാക്കുക.

സർക്കാർ സ്ഥാപനങ്ങളിൽ നിന്നും പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശ്ശിക ഡിസംബറിനുള്ളിൽ നൽകാനാകുമോയെന്നത് ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാരുമായി ആലോചിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, കെഎസ്ഇബി ചെയർമാൻ രാജൻ ഖൊബ്രഗഡെ, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ തുടങ്ങിയവർ സംസാരിച്ചു.

Advertisement