ഓണത്തിന് ഒരു കോടി ലീറ്റർ പാൽ മഹാരാഷ്ട്രയും കർണാടകയും നൽകും

Advertisement

പാലക്കാട് / കൊച്ചി: കടുത്ത പാൽക്ഷാമം നേരിടുന്ന കേരളത്തിൽ ഓണം കെങ്കേമമാക്കാൻ മഹാരാഷ്ട്രയും കർണാടകയും പാൽ നൽകും. ഉൽപാദനം വല്ലാതെ കുറഞ്ഞതിനാൽ ഒരു കോടി ലീറ്റർ പാൽ എത്തിക്കാനാണു മിൽമയുടെ ശ്രമം.

കഴിഞ്ഞ വർഷം 80 ലക്ഷത്തോളം ലീറ്ററാണു കൊണ്ടുവന്നത്. തിരുവോണത്തിനും അതിനു മുൻപുള്ള മൂന്നു ദിവസങ്ങളിലുമാണു സാധാരണ പാലിന് ആവശ്യമേറുന്നത്. എന്നാൽ, ഇക്കൊല്ലം അത്തം മുതൽ തന്നെ കച്ചവടം കൂടി. പക്ഷേ, മിൽമയുടെ എല്ലാ മേഖലകളിലും ഇത്തവണ ഉൽപാദനം കുറവാണ്.

കോവിഡ് സമയത്ത് 16 ലക്ഷം ലീറ്റർ വരെ ഉൽപാദനം ഉണ്ടായിരുന്ന സമയത്ത് ഇപ്പോഴുള്ളത് 14 ലക്ഷത്തിൽ താഴെ മാത്രം. നേരത്തെ മലബാർ മേഖലാ യൂണിയനിൽ ഭേദപ്പെട്ട ഉൽപാദനം ഉണ്ടായിരുന്നെങ്കിലും ഇത്തവണ 25 ലക്ഷത്തോളം ലീറ്റർ പുറത്തുനിന്ന് എത്തിക്കേണ്ടി വരും. എറണാകുളം മേഖലാ യൂണിയൻ 28 ലക്ഷത്തോളം ലീറ്ററാണ് വാങ്ങുന്നത്. ബാക്കി പാൽ തിരുവനന്തപുരം മേഖലാ യൂണിയനുള്ളതാണ്. പാൽക്ഷാമം പരിഹരിക്കാൻ ഇത്തവണ മിൽമ നേരത്തെ ശ്രമം തുടങ്ങിയിരുന്നതായി ചെയർമാൻ കെ.എസ്.മണി പറഞ്ഞു. മഹാരാഷ്ട്രയാണു ഭൂരിഭാഗം വിഹിതവും നൽകുക. അയൽ സംസ്ഥാനമെന്ന നിലയിൽ 18 ലക്ഷത്തോളം ലീറ്റർ‍ കർണാടകയും നൽകും.

തമിഴ്നാട്ടിൽ പാൽ ദൗർലഭ്യമുള്ളതിനാൽ അവിടെ നിന്നു ലഭിക്കില്ല. എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച് പാൽവിൽപനയിൽ 12% അധികവരുമാനം മിൽമ ലക്ഷ്യമിടുന്നു. തൈര് വിൽപനയിൽ 16% വർധനയാണ് ഉദ്ദേശിക്കുന്നത്. പാലടയിലും മെച്ചപ്പെട്ട വിൽപന പ്രതീക്ഷിക്കുന്നു. പായസമധുരമുള്ള ഓണനാളുകളിൽ കേരളത്തിന് ആവശ്യം ഏകദേശം 2.5 കോടി ലീറ്റർ പാലാണ്. ഇതിൽ മിൽമ മാത്രം ഒരു കോടിയിലേറെ ലീറ്റർ പാൽ വിൽക്കും. വിവിധ സ്വകാര്യ ഡെയറികളും സൊസൈറ്റികളും ചെറുകിട ക്ഷീരകർഷകരുമെല്ലാം ചേരുമ്പോൾ 3 ദിവസം കൊണ്ടു 2.5 കോടി ലീറ്റർ പാൽ വിൽപന നടക്കും.