തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രോസ്റ്റേറ്റ് രോഗികൾക്കു താക്കോൽദ്വാര ശസ്ത്രക്രിയ നടത്തുന്നതിനു വേണ്ടി വാങ്ങിയ ഉപകരണത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ നടപടിയായില്ല. ഒരു മാസത്തിലേറെയായി രോഗികൾ വലയുന്നു.
ഇതിനിടയിൽ ഉപകരണം ഡോക്ടർ കേടാക്കിയെന്ന ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ടും പുറത്തു വന്നു. ശസ്ത്രക്രിയയ്ക്കായുള്ള എൻഡോസ്കോപ്പി ക്യാമറയാണ് തകരാറിലാക്കിയത്. രണ്ടു മാസത്തിലേറെ ശസ്ത്രക്രിയയ്ക്ക് കാത്തിരുന്ന രോഗികളാണ് വലയുന്നത്. ദിവസേന ആറ് ശസ്ത്രക്രിയകളാണ് നടക്കുന്നത്. ഇതുവരെ 130 ശസ്ത്രക്രിയകൾ മുടങ്ങി. നിലവിൽ രോഗികൾ ആശുപത്രിയിൽ എത്തി മടങ്ങുകയാണ്. ഡൽഹിയിൽ നിന്നുള്ള സംഘമെത്തിയാണ് ഉപകരണങ്ങൾ നന്നാക്കേണ്ടത്.
ഉപകരണത്തിന്റെ ടെലസ്കോപ്പും ലെൻസുമായി യോജിപ്പിക്കുന്ന ക്യാമറയാണ് കേടായത്. ക്യാമറയുണ്ടെങ്കിൽ മാത്രമേ ശസ്ത്രക്രിയ മോണിറ്ററിൽ കാണാൻ സാധിക്കൂ. നിലവിൽ മൂത്ര നാളിയിൽ സ്റ്റെന്റ് ഇടുന്നത് മാത്രമാണ് ആശുപത്രിയിൽ നടക്കുന്നത്. അഞ്ചുലക്ഷം രൂപ ചെലവിൽ നന്നാക്കാൻ സാധിക്കുമെന്നിരിക്കേയാണ് അനാസ്ഥ തുടരുന്നത്. സ്വകാര്യ ആശുപത്രികളിൽ 85000 രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ ഈ ശസ്ത്രക്രിയയ്ക്ക് ചെലവ് വരും. ഉപകരണം കേടായതോടെ ശസ്ത്രക്രിയകൾ മുടങ്ങുകയാണെന്നു പരാതികൾ ഉയർന്നതിനു പിന്നാലെയാണ് സംഭവത്തെ കുറിച്ച് സൂപ്രണ്ട് അന്വേഷണം നടത്തിയത്. ഇതേത്തുടർന്നാണ് ഇവിടെയുള്ള ഡോക്ടർ തന്നെ ഉപകരണം കേടാക്കിയതാണെന്നു കണ്ടെത്തിയത്. സൂപ്രണ്ടിന്റെ റിപ്പോർട്ടിൻമേൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.
യൂറോളജി വിഭാഗത്തിലെ ഡോക്ടർ ഉപകരണം കേടാക്കിയതെന്ന ആരോപണത്തിൽ ഡിഎംഇ അന്വേഷണം നടത്തി. യൂറോളജി വിഭാഗം തലവനെയും ആരോപണം നേരിടുന്ന ഡോക്ടർ ഉൾപ്പെടെയുള്ളവരിൽ നിന്നും വിവരം ശേഖരിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടും പരിശോധിച്ചു. ഉപകരണം കേടായതിന്റെ സാഹചര്യവും മറ്റും വിശദമായി ചോദിച്ചറിഞ്ഞു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.എ.നിസാറുദ്ദീന്റ റിപ്പോർട്ടും ഡിഎംഇക്ക് കൈമാറും.