സെപ്റ്റംബറിൽ കേരളത്തിൽ മഴ?, കാലാവസ്ഥാ സാധ്യതകൾ ഇങ്ങനെ

Advertisement

തിരുവനന്തപുരം: വരൾച്ചാ ഭീഷണി തുടരവെ കേരളത്തിൽ രണ്ടാഴ്ച്ചക്ക് ശേഷം മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഇന്ത്യൻ മഹാസമുദ്രത്തിൽ മഴക്ക് അനുകൂലമായ സാഹചര്യങ്ങളുണ്ടാകാമെന്നാണ് നി​ഗമനം.

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ ( IOD-ഐഒഡി ) പ്രതിഭാസം അനുകൂലമാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായിലേറെയായി ഐഒഡി സൂചികയിൽ അനുകൂലമായ മാറ്റമുണ്ടാകുന്നു. ഐഒഡി സൂചിക +0.34 ഡിഗ്രി സെൽഷ്യസിൽ നിന്ന് +0.79 ഡിഗ്രി സെൽഷ്യസായി ഉയരുകയും പോസിറ്റീവ് ഐഒഡി പരിധിയായ +0.4 ഡിഗ്രി സെൽഷ്യസിനേക്കാൾ കൂടുതലാകുകയും ചെയ്തു.

ഇതേ രീതിയിൽ തുടർച്ചയായി നാല് ആഴ്ചക്ക് മുകളിൽ നിന്നാൽ പോസിറ്റീവ് ഐഒഡി സ്ഥിരീകരിക്കും. ഐഒഡി പോസിറ്റീവിനനുസരിച്ച് അന്തരീക്ഷവും പ്രതികരിച്ചാൽ കേരളത്തിലും ചെറിയ തോതിൽ മഴക്ക് അനുകൂലമാകാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ. മാഡൻ ജൂലിയൻ ഓസില്ലേഷൻ (MJO) പ്രതിഭാസവും സെപ്റ്റംബർ ആദ്യ വാരത്തിനു ശേഷം അനുകൂലമേഖലയിലെത്താൻ സാധ്യതയുണ്ട്.

ഇതും മഴ സാധ്യത വർധിപ്പിക്കാൻ കാരണമാകും. ഐഒഡി, എംജെഒ സാഹചര്യങ്ങൾ അനുകൂലമായാൽ സെപ്റ്റംബർ രണ്ടാം വാരത്തിനു ശേഷം കേരളത്തിൽ മഴ ലഭിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉൾപെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ പ്രവചനം.

അതേസമയം, സംസ്ഥാനത്ത് വരൾച്ച മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങൾ ദുരന്ത നിവാരണ അതോറിറ്റി തുടങ്ങി. മഴവെള്ള സംഭരണം അടക്കമുള്ള ജലമാനേജ്മെന്റ് ഊർജ്ജിതമാക്കിയില്ലെങ്കിൽ രൂക്ഷമായ പ്രതിസന്ധി സംസ്ഥാനം നേരിടുമെന്നാണ് വിലയിരുത്തൽ. മഴ കുറയുകയും അൾട്രാവയലറ്റ് വികിരണത്തോത് ഉയരുകയും ചെയ്തതോടെ പകൽച്ചൂടും കൂടി. മൺസൂൺ സീസൺ മുക്കാലും കഴിയുമ്പോൾ സംസ്ഥാനത്ത് സാധാരണയേക്കാൾ 47 ശതമാനം കുറവ് മഴയാണ് കിട്ടിയത്. ഇനി കാര്യമായ മഴയ്ക്ക് ഈ സീസണിൽ സാധ്യതയുമില്ല. വരൾച്ച പടിവാതിൽക്കലെത്തി നിൽക്കേ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നീക്കം.