കോഴിക്കോട്. നഗരത്തിൽ പൊലീസിന് നേരെ വടിവാൾ വീശി ആക്രമണം നടത്തിയ നാല് യുവാക്കൾ അറസ്റ്റിൽ. കൊടുവള്ളി വാവാട് സ്വദേശി സിറാജുദ്ദീൻ തങ്ങൾ, കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫർ, പെരുമണ്ണ സ്വദേശി മുഹമ്മദ് അൻഷിദ്, വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാക്കത്ത് എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ പിടികൂടുന്നതിനിടയിൽ ഒരു പോലീസുകാരന് പരിക്കേറ്റു.
കഴിഞ്ഞ രാത്രി കോഴിക്കോട് നഗരത്തിൽ ഭീതി പരത്തി ബൈക്കിൽ കറങ്ങി നടന്ന് ആക്രമണം നടത്തിയ സംഘമാണ് പൊലീസിന് നേരെയും വടിവാൾ വീശിയത്. രാത്രി 9 മണിയോടെ ആനി ഹാൾ റോഡിലൂടെ നടന്നു പോകുന്നയാളുടെ മൊബൈൽ ഫോണും പണം അടങ്ങിയ പഴ്സും കത്തി വീശി ഭീഷണിപ്പെടുത്തി പിടിച്ചു പറിക്കുകയായിരുന്നു. തുടർന്ന് കോട്ടപ്പറമ്പ് പാർക്ക് റെസിഡൻസി ബാറിൽ നിന്നും ഇറങ്ങിയ തിരുവനന്തപുരം സ്വദേശിയുടെ രണ്ട് പവൻ സ്വർണ്ണമാലയും പണം അടങ്ങിയ പഴ്സും സമാനരീതിയിൽ പിടിച്ചുപറിച്ചു. അതുകഴിഞ്ഞ് മാവൂർ റോഡ് ശ്മശാനത്തിനു മുൻവശം വെച്ച് പ്രതികൾ ഇതേ രീതിയിൽ ആളുകളെ പിടിച്ചു പറിക്കുന്നതായി വിവരമറിഞ്ഞ് കൺട്രോൾ റൂമിലെ പൊലീസുകാർ വാഹനവുമായി അവിടേക്ക് എത്തിയപ്പോഴാണ് ആക്രമികൾ പൊലീസിന് നേരെ വടിവാൾ വീശിയത്.
അവിടെ നിന്നും രക്ഷപ്പെട്ട സംഘം കസബ സ്റ്റേഷൻ പരിധിയിൽ ചെമ്മണ്ണൂർ ഗോൾഡ് ഷോറൂമിന് പിറകിലുള്ള വീട്ടിൽ അതിക്രമിച്ചു കടന്ന് താമസക്കാരന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ച് പണം കവർന്നു. ഈ സമയം സ്ഥലത്തെത്തിയ കസബ പൊലീസിന് നേരെയും ആക്രമികൾ വടിവാൾ വീശി.
തുടർന്ന് ബലപ്രയോഗത്തിലൂടെ പൊലീസ് പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു. കൊലപാതകം, പോക്സോ, മോഷണം എന്നിവ ഉൾപ്പെടെ 14 കേസുകളിൽ പ്രതിയാണ് സിറാജുദ്ദീൻ തങ്ങൾ. കൊടും ക്രിമിനലുകളാണ് അറസ്റ്റിലായവരെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽമീണ പറഞ്ഞു.
മുഹമ്മദ് സുറാക്കത്ത് നാല് കേസുകളിലും അൻഷിദ്, ക്രിസ്റ്റഫർ എന്നിവർ രണ്ടു വീതം കേസുകളിലും പ്രതികളാണ്. കസബ ഇൻസ്പെക്ടർ കെ വിനോദൻ, എസ്.ഐ മാരായ ജഗൻമോഹൻ ദത്തൻ, എം എ റസാഖ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.