കടയിലെ പരിശോധനയ്ക്കിടെ ത്രാസ് പിടിച്ചെടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്ക് നേരെ അതിക്രമം; പൊലീസ് കേസെടുത്തു

Advertisement

മലപ്പുറം: വേങ്ങരയിൽ കട പരിശോധനയ്ക്കിടെ ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ അതിക്രമം. കൃത്യനിർവഹണം
തടസപ്പെടുത്തിയതിനും ജീവനക്കാരന്റെ കഴുത്തിന് പിടിച്ചെന്നുമുള്ള പരാതിയിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് വേങ്ങര കുറ്റൂർ മാടംചിനയിലുള്ള സൂപ്പർമാർക്കറ്റിൽ ലീഗൽ മെട്രോളജി തിരൂരങ്ങാടി ഇൻസ്പെക്ടർ സജ്നയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. കടയിലെ മുദ്ര പതിപ്പിക്കാത്ത ത്രാസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ പുറത്തു നിന്നെത്തിയ ചിലർ തടയുകയായിരുന്നു. തുടർന്ന് വലിയ വാക്കേറ്റമുണ്ടായി. ഇത് മൊബൈലിൽ പകർത്തുന്നതിടെ ഡ്രൈവറെ കഴുത്തിന് പിടിച്ചെന്നും സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചെന്നുമാണ് ഉദ്യോഗസ്ഥരുടെ പരാതി.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പരാതിയുണ്ട്. വേങ്ങര സ്വദേശി സെയ്ദ് ടി.പി എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഒരോ വർഷവും ത്രാസ് പരിശോധിച്ച് മുദ്ര പതിപ്പിക്കാണം. ഇത് ലംഘിച്ചതിന് ലീഗൽ മെട്രോളജി വകുപ്പ് കടയുടമയ്ക്കെതിരെ കേസെടുത്തു. രണ്ടായിരം രൂപയാണ് ഇതിനുള്ള പിഴ ചുമത്തിയിരിക്കുന്നത്.

കോട്ടയം ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ ഓണക്കാല പരിശോധനകൾ തുടരുന്നു. കൺട്രോളർ വി.കെ അബ്ദുൾ ഖാദറിന്റെ നിർദേശപ്രകാരമാണ് പരിശോധന. ഇതുവരെ 46 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 1,91000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ശരിയായ രീതിയിൽ അല്ലാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, വില കൂടുതൽ വാങ്ങുക, വില തിരുത്തി വിൽപന നടത്തുക, രജിസ്ട്രേഷൻ എടുക്കാതിരിക്കുക, അളവിൽ കുറച്ച് വിൽപ്പന നടത്തുക തുടങ്ങിയ ക്രമക്കേടുകൾ കണ്ടെത്തുന്നതിനാണ് പരിശോധനകൾ നടത്തുന്നത്. ഉത്രാട ദിവസം വരെ പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി കൺട്രോളർമാരായ ഇ.പി അനിൽ കുമാർ, സുജ ജോസഫ് എന്നിവർ അറിയിച്ചു.