തിരുവനന്തപുരം. കടയ്ക്കാവൂരില്‍ ബൈപാസ് നിര്‍മാണ കുഴിയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. 5 പേര്‍ക്ക് പരിക്ക്. പാരിപ്പള്ളി സ്വദേശി ഡൊമിനിക് സാബു ആണ് മരിച്ചത്. നിര്‍മ്മാണ മേഖലയില്‍ അപകടസൂചനാ ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ലെന്ന് ബന്ധുകൾ ആരോപിച്ചു
കടയ്ക്കാവൂര്‍ പാലാംകോണം കാറ്റാടിമുക്ക് ജംഗ്ഷനില്‍ ഇന്നലെ രാത്രി പതിനൊന്നര മണിയോടെയാണ് അപകടം. മണനാക്ക് ഭാഗത്തു നിന്നും ആലംകോട് ഭാഗത്തേക്ക് പോയ കാര്‍ ആണ് അപകടത്തില്‍ പെട്ടത്. കാറില്‍ ആറു പേരാണ് ഉണ്ടായിരുന്നത്. നാട്ടുകാരും ആറ്റിങ്ങല്‍ ഫയര്‍ ഫോഴ്സും എത്തി വാഹനത്തില്‍ നിന്ന് യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 21 വയസുകാരന് ഡൊമിനിക് സാബുവിന്റെ ജീവന് രക്ഷിക്കാനായില്ല. ബൈപാസ് നിര്‍മാണത്തിനായി മണ്ണെടുത്ത കുഴിയാണ് അപകടകെണിയായത്. മേഖലയില്‍ സുരക്ഷാ മാനദണ്ഡങ്ങളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഉണ്ടായിരുന്നില്ലെന്ന് അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾ പറഞ്ഞു
പരിക്കേറ്റ അഞ്ചുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരാളെ കിംസ് ആശുപത്രിയിലേക്ക് മാറ്റി.