ചെന്നൈ: കേരളത്തിനുള്ള ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് ട്രെയിൻ പാലക്കാട് ഡിവിഷന് അനുവദിച്ചതായി റിപ്പോർട്ട്. ഡിസൈൻ മാറ്റം വരുത്തിയ വന്ദേഭാരതിന്റെ ആദ്യ റേക്കാണ് അനുവദിച്ചത്.
എട്ട് കോച്ചുകളുള്ള ട്രെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് സതേൺ റെയിൽവേയ്ക്ക് കൈമാറുമെന്നാണ് വിവരം. പാലക്കാട് ഡിവിഷനാണ് ഈ റേക്ക് അനുവദിച്ചിരിക്കുന്നത്. ഇത് മംഗലാപുരത്തേക്കാണ് കൊണ്ടുപോകുക. മംഗലാപുരത്തുനിന്ന് ഗോവ, എറണാകുളം, തിരുവനന്തപുരം, കോയമ്പത്തൂർ എന്നീ റൂട്ടുകളിൽ ഒന്നാണ് പരിഗണിക്കുന്നത്. ദക്ഷിണ റെയിൽവേ ബോർഡ് ആണ് റൂട്ട് തീരുമാനിക്കുക.
ഏറെനാളായി രണ്ടാമത്തെ വന്ദേഭാരതിനായി കേരളം കാത്തിരിപ്പിലാണ്. തിരുവനന്തപുരം – കാസർകോട് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവീസ് എന്നാണു റെയിൽവേ പറയുന്നത്. വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള എല്ലാ സംസ്ഥാനങ്ങളിലും ജൂൺ അവസാനത്തോടെ വന്ദേഭാരത് നൽകിയിരുന്നു. മംഗളൂരു – തിരുവനന്തപുരം, എറണാകുളം – ബെംഗളൂരു, തിരുനെൽവേലി – ചെന്നൈ, കോയമ്പത്തൂർ – തിരുവനന്തപുരം റൂട്ടുകളിലും വന്ദേഭാരത് സർവീസ് വേണമെന്ന ആവശ്യമുയരുന്നുണ്ട്.
രണ്ടാമത്തെ ട്രെയിൻ തിരുവനന്തപുരം – കാസർകോട് വന്ദേഭാരതിന്റെ എതിർദിശയിലായിരിക്കുമെന്നു റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാസർകോട് അറ്റകുറ്റപ്പണി സൗകര്യമില്ലാത്തതിനാൽ മംഗളൂരുവിൽനിന്നാണ് ഇതു തുടങ്ങാൻ കഴിയുക. കോട്ടയംവഴി 634 കിലോമീറ്ററാണ് മംഗളൂരു – തിരുവനന്തപുരം ദൂരം. ഈ ദൂരം പിന്നിടാൻ 11 മുതൽ 15 മണിക്കൂർ വരെയാണ് ട്രെയിനുകൾ ഇപ്പോൾ എടുക്കുന്നത്.