കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനനെതിരെ അപകീർത്തിക്കേസുമായി കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടൻ പങ്കാളിയായ നിയമ സ്ഥാപനം. 2.50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ‘കെഎംഎൻപി ലോ’ എന്ന സ്ഥാപനമാണ് അപകീർത്തിക്കേസ് നൽകിയത്. ഡൽഹി ഹൈക്കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
നോട്ടിസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ പണം നൽകണമെന്നുമാണ് ആവശ്യം. ഇതിനു തയാറായില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മോഹനന് സുപ്രീം കോടതി അഭിഭാഷകൻ മുഖേന നൽകിയ നോട്ടിസിൽ പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ മാത്യു കുഴൽനാടൻ രംഗത്തെത്തിയതിനു പിന്നാലെ, സി.എൻ.മോഹനൻ എറണാകുളത്ത് വാർത്താ സമ്മേളനം വിളിച്ച് പ്രത്യാരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് മാത്യു കുഴൽനാടൻ കൂടി പങ്കാളിയായ നിയമസ്ഥാപനത്തിനെതിരെയും ആരോപണങ്ങൾ ഉന്നയിച്ചത്.
എന്നാൽ, മോഹനന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് കമ്പനിയുടെ നിലപാട്. മോഹനൻ ഉന്നയിച്ചതുപോലെ കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്നും ദുബായിൽ ഓഫിസ് ഇല്ലെന്നും നോട്ടിസിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമമേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ചത് അപകീർത്തികരമാണെന്നും നോട്ടിസിൽ പറയുന്നു.