‘സ്ഥലം അളക്കണ്ടേൽ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം’…. ‘ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാൻ തീരുമാനിച്ചിട്ടുണ്ട്’.

Advertisement

കഴിഞ്ഞ ദിവസം നടന്‍ ജയസൂര്യ നടത്തിയ പ്രസ്താവനയിൽ വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ, ജയസൂര്യയ്ക്ക് പിന്തുണയുമായി കോൺ​ഗ്രസ് നേതാക്കൾ. നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് സപ്ലൈകോ പണം നല്‍കിയില്ലെന്നാണ് സർക്കാരിന്റെ കാർഷിക മേഖലയിലെ വീഴ്ച്ചകളെ വിമർശിച്ച് കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയില്‍ ജയസൂര്യ സംസാരിച്ചത്. മന്ത്രിമാരായ പി പ്രസാദിനേയും പി രാജീവിനെയും വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം.
വിഷയത്തിൽ ജയസൂര്യക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്‌ നേതാക്കൾ ഉൾപ്പെടെ രംഗത്ത് എത്തിയിരിക്കുകയാണ്. ‘സ്ഥലം അളക്കണ്ടേൽ പറഞ്ഞത് മാറ്റിപ്പറഞ്ഞോളണം’ എന്നായിരുന്നു യൂത്ത് കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സമൂഹമാധ്യക്കുറിപ്പിൽ അഭിപ്രായപ്പെട്ടത്. 

ജയസൂര്യ സംഘിയാണ് എന്ന സിപിഎം പ്രതിരോധം കണ്ടു. ചിലർ ഒരു പടി കൂടി കടന്ന് സംഘപരിവാറുകാരെ തിരിച്ചറിയാൻ കോൺഗ്രസ്സ് ജാഗ്രത കാണിക്കണം എന്ന ക്ലാസ്സ് എടുക്കുന്നതും കണ്ടു. ജയസൂര്യ ലക്ഷണമൊത്ത സംഘപരിവാറുകാരനാണ് എന്ന് തന്നെയിരിക്കട്ടെ, അങ്ങനെയെങ്കിൽ സംഘിക്ക് വേദി കെട്ടി കൊടുത്തിട്ടാണോ ഞങ്ങളെ പഠിപ്പിക്കാൻ വരുന്നത്?’. മറ്റൊരു കുറിപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. 
‘ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാൻ തീരുമാനിച്ചിട്ടുണ്ട്’. എന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചത്. ജയസൂര്യയുടെ പ്രസം​ഗം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. അതേസമയം,  ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതയ്‌ക്ക് നിരക്കുന്നതല്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു.
നെല്ലിന്റെ വില കിട്ടാത്ത കര്‍ഷകര്‍ തിരുവോണ ദിവസം പട്ടിണി കിടക്കുകയാണെന്നും ആരും കൃഷിയിലേക്ക് തിരിയാത്തത് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള സമീപനങ്ങള്‍ കൊണ്ടാണെന്നുമായിരുന്നു ജയസൂര്യയുടെ വിമര്‍ശനം.