തിരുവനന്തപുരം. സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിക്കായി ഹെലികോപ്ടര്‍ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്.പ്രതിമാസം 80 ലക്ഷം രൂപക്ക് സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തിന് അന്തിമ അംഗീകാരമായി.സർക്കാർ നീക്കം അങ്ങേയറ്റം ധൂർത്താണെന്ന വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തി.
സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനം ചെലവ് ചുരുക്കുന്നതിനിടെയാണ് സർക്കാരിന്റെ പുതിയ നീക്കം.കൊവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം കരാര്‍ കഴിഞ്ഞപ്പോള്‍ പിന്നീട് പുതുക്കിയില്ല.കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പ് അന്തിമ കരാറിലെത്തിയിരിക്കുന്നത്.
ഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയാണ് ഹെലികോപ്ടര്‍ നല്‍കുന്നത്.മാസം 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് വാടക. അതില്‍കൂടുതല്‍ പറന്നാല്‍ ഓരോ മണിക്കൂറിനും തൊണ്ണൂറായിരം രൂപ അധികം നല്‍കണം. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാം.
ലക്ഷങ്ങൾ മുടക്കി മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുന്നത് വൻ ധൂർത്തെന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ.