കൊച്ചി.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീന് വീണ്ടും നോട്ടീസ് നൽകി ഇഡി. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇന്ന് ഹാജരാകാതിരുന്നതോടെയാണ് മൊയ്തീന് ഇഡി പുതിയ നോട്ടീസ് നല്‍കിയത്.
എ സി മൊയ്തീനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാക്കുന്ന നീക്കമാണ് ഇ ഡിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് തലേ ദിവസം അതായത് സെപ്തംബര്‍ നാലിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പുതിയ നോട്ടീസ്. 10 വർഷത്തെ നികുതി രേഖകളടക്കം ഹാജരാക്കാനും ഇ ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചോദ്യം ചെയ്യല്‍ തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയെന്ന സൂചന ഇഡിയും നല്‍കുന്നുണ്ട്.
അതേസമയം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു മൊയ്തീന് ഇഡി നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ അസൗകര്യം അറിയിച്ച് മൊയ്തീന്‍ മറുപടി നല്‍കി. തട്ടിപ്പ് കേസിൽ എസി മൊയ്തീന്റെ ബെനാമി ഇടപാടുകാരെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. മുന്‍ മാനേജര്‍ ബിജു കരീം, പി.പി.കിരണ്‍, അനില്‍ സേട്ട് എന്നിവരെയാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ സംശയത്തിന്‍റെ നിഴലിലുള്ള സിഎം റഹീമും ചോദ്യം ചെയ്യലിന് ഹാജരാവും.