തിരുവനന്തപുരം: യുവജനകമ്മിഷൻ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പള കുടിശ്ശിക അനുവദിച്ചു. 8,80,645 രൂപയാണ് ചിന്തയ്ക്ക് നൽകാനുണ്ടായിരുന്നത്. മുൻകാല പ്രാബല്യത്തോടെയായിരുന്നു ശമ്പളം ഇരട്ടിയായി ഉയർത്തിയത്. 2017 ജനുവരി 6 മുതൽ 2018 മേയ് 25 വരെയുള്ള കാലത്തെ അധികശമ്പളമാണ് അനുവദിച്ചിരിക്കുന്നത്.
2016 ഒക്ടോബർ 14 നാണ് ചിന്തയെ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യ ശമ്പളം. അധികാരത്തിലേറിയതിനു പിന്നാലെ ശമ്പളം ഒരു ലക്ഷമായി ഉയർത്തുകയായിരുന്നു. 2017 ജനുവരി 6 മുതൽ ശമ്പളം ഒരു ലക്ഷം ആക്കി യുവജനകാര്യ വകുപ്പ് 2023 ജനുവരി 23 ന് ഉത്തരവിറക്കി.
മുൻകാല പ്രാബല്യത്തോടെയായിരുന്നു ശമ്പളം വർധിപ്പിച്ചത്. ഈയിനത്തിലുള്ള കുടിശികയാണ് ലഭിച്ചത്. കമ്മിഷൻ അധ്യക്ഷ എന്ന നിലയിൽ ശമ്പളവും അലവൻസും ആയി ചിന്ത 82,91,485 രൂപ കൈപ്പറ്റിയെന്നു മന്ത്രി സജി ചെറിയാൻ കഴിഞ്ഞ 10ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു.