മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി ജി. കൃഷ്ണകുമാര്‍

Advertisement

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയുമായി നടനും ബിജെപി ദേശീയ സമിതിയംഗവുമായ ജി. കൃഷ്ണകുമാര്‍. തിരുവനന്തപുരത്ത് നിന്ന് പുതുപ്പള്ളിയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനിടെ, പന്തളത്ത് വച്ച് പൊലീസുകാര്‍ മോശമായി പെരുമാറിയെന്നും മനഃപൂര്‍വ്വം കാറിലിടിച്ചെന്നും കൃഷ്ണകുമാര്‍ ആരോപിക്കുന്നു. അകമ്പടി വാഹനം കടന്നുപോകുന്നതിന് ഇടതുവശത്തേയ്ക്ക് തന്റെ കാര്‍ ഒതുക്കിയിട്ടപ്പോള്‍ ഈ വാഹനം കൊണ്ടുവന്ന് ഇടിപ്പിച്ചു. തുടര്‍ന്ന് തന്റെ കാറിന് കുറുകെ വാഹനം ഇട്ട ശേഷം പൊലീസുകാര്‍ ചീത്ത വിളിച്ചെന്നും കൃഷ്ണ കുമാര്‍ പരാതിയില്‍ പറയുന്നു.
തന്നോട് മോശമായി പെരുമാറുകയും വാഹനം ഇടിപ്പിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണകുമാര്‍ പന്തളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
‘പന്തളം എത്തുന്നതിന് 20 മിനിറ്റ് മുന്‍പ്. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം പോകുന്നുണ്ടായിരുന്നു. സ്വാഭാവികമായി നമ്മുടെ മുഖ്യമന്ത്രിയാണ്. അതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല. നമ്മള്‍ വാഹനം മാറ്റി കൊടുക്കും. അദ്ദേഹത്തിന്റെ വാഹനവ്യൂഹം പോകുന്നു. ഇത് കഴിഞ്ഞ് ഏകദേശം 20 മിനിറ്റ് കഴിഞ്ഞാണ് പന്തളം നഗരത്തില്‍ കയറുന്നത്. പന്തളം ടൗണില്‍ എല്ലാവര്‍ക്കും അറിയാം റോഡ് ബ്ലോക്ക് ആണ് എന്ന്. അപ്പോള്‍ അവിടെ നിന്ന് ഒരു നീല ബസ്. സ്ട്രൈക്കര്‍ എന്നാണ് അവര്‍ പറയുന്നത്. ആ പൊലീസിന്റെ ബസ് ലൈറ്റിടുന്നുണ്ട്, ഹോണ്‍ അടിക്കുന്നുണ്ട്. നമ്മള്‍ എവിടെയിട്ട് സൈഡ് കൊടുക്കാനാണ്. എന്റെയല്ല, പിന്നിലെ വാഹനങ്ങള്‍ക്കാണ് സൈഡ് കൊടുക്കാന്‍ പറ്റാതിരുന്നത്. അവസാനം അവര്‍ വലതുവശത്തുകൂടി റോഡ് വെട്ടിക്കയറി. റോഡോക്കെ ബ്ലോക്കാക്കി. ഞങ്ങളുടെ അടുത്ത് എത്തിയപ്പോള്‍ പാര്‍ട്ടിയുടെ കൊടി ഇരിക്കുന്നു. ഞങ്ങളുടെ അടുത്ത് വന്ന് ഹോണും ലൈറ്റും ഇട്ട് വാഹനം മാറ്റാന്‍ പറഞ്ഞു കൈ കാണിക്കുന്നു. ഞങ്ങള്‍ എങ്ങോട്ട് മാറ്റും. സിഗ്‌നല്‍ മാറിയപ്പോള്‍ അല്‍പ്പം മുന്നോട്ടെടുത്തു ഇടതുവശത്തേയ്ക്ക് ഒതുക്കി ഇട്ടുകൊടുത്തു. അവര്‍ കയറിപ്പോകട്ടെ. ഈ ഗ്യാപ്പില്‍ അകമ്പടി വാഹനം എന്റെ വണ്ടിയില്‍ കൊണ്ടുവന്ന് ഇടിപ്പിച്ചു. ഇടിച്ചപ്പോള്‍ ഞാന്‍ ആദ്യം വിചാരിച്ചു അറിയാതെ പറ്റിയതാണോ? സ്ഥലമില്ലായ്മ കൊണ്ട്. കുറച്ചുകഴിഞ്ഞ് വണ്ടി മുന്നോട്ട് കൊണ്ടുപോയി കുറുകെ നിര്‍ത്തിയിട്ട് ചീത്ത വിളി തുടങ്ങി. മുഖ്യമന്ത്രിയുടെ വണ്ടി തടയുമോടാ? അങ്ങനെ ആ രീതിയിലായിരുന്നു ചീത്ത വിളി. മുഖ്യമന്ത്രി പോയ ശേഷം പുതുപ്പള്ളിയില്‍ പോയാല്‍ മതി എന്നൊക്കെ പറഞ്ഞായിരുന്നു ചീത്ത വിളി.’ – കൃഷ്ണ കുമാര്‍ ആരോപിച്ചു.

Advertisement