എ.ഐ ക്യാമറയിൽ കുടുങ്ങിയെന്ന് പറഞ്ഞ് അറിയിപ്പ് കിട്ടിയോ? വേഗം പോയി പണമടയ്ക്കരുത്, ഇക്കാര്യം ആദ്യം ശ്രദ്ധിക്കണം

Advertisement

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിൽ ഉൾപ്പെടെ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ പേരിൽ തട്ടിപ്പിന് ശ്രമം. ഇത് സംബന്ധിച്ചുള്ള നിരവധി പരാതികൾ ലഭിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

യഥാർത്ഥ വെബ്‍സൈറ്റിന് സമാനമായ തരത്തിൽ വ്യാജ വെബ്‍സൈറ്റുകൾ തയ്യാറാക്കിയാണ് തട്ടിപ്പിനുള്ള ശ്രമം. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കുന്നതിന് പുറമെ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ടത് ഉൾപ്പെടെയുള്ള മറ്റ് പണമിടപാടുകൾ നടത്തുമ്പോഴും ഇത്തരത്തിൽ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്.

എഐ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങിയതോടെ നിയമലംഘനങ്ങൾക്ക് വ്യാപകമായി വാഹന ഉടമകൾക്ക് നോട്ടീസ് ലഭിക്കുന്നുണ്ട്. പലർക്കും തപാലിൽ നോട്ടീസ് ലഭിക്കുന്നതിന് മുമ്പ് തന്നെ എസ്എംഎസ് ആയാണ് നിയമ ലംഘനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങൾ ലഭിക്കുന്നത്. ഇതിന്റെ മറവിലാണ് തട്ടിപ്പുകാരുടെ ഗൂഢനീക്കങ്ങൾ. നിങ്ങളുടെ വാഹനത്തിന്റെ പേരിൽ ഇത്ര രൂപയുടെ പിഴയുണ്ടെന്ന് കാട്ടി ഉടമകളുടെ മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കും. പിഴ അടയ്ക്കാനുള്ളതെന്ന പേരിൽ ഒരു ലിങ്കും നൽകിയിട്ടുണ്ടാവും. ഒറ്റനോട്ടത്തിൽ ഔദ്യോഗിക വെബ്സൈറ്റ് പോലെ തന്നെ തോന്നുന്നതിനാൽ വെബ്‍സൈറ്റിന്റെ അഡ്രസ് ഉൾപ്പെടെ മറ്റൊന്നും പെട്ടെന്ന് ശ്രദ്ധിക്കില്ല. ഇത്തരം വെബ്‍സൈറ്റുകളിൽ കയറി പണമിടപാടുകൾ നടത്തിയാൽ അത് തട്ടിപ്പുകാർക്കാണ് ലഭിക്കുക.

echallan.parivahan.gov.in എന്ന ഔദ്യോഗിക വെബ്‍സൈറ്റ് വഴിയാണ് പണമിടപാടുകൾ നടത്തേണ്ടതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നു. അല്ലെങ്കിൽ ചെല്ലാൻ നോട്ടീസിൽ നൽകിയിട്ടുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തും പണമടയ്ക്കാം. സമാനമായ തരത്തിലുള്ള മറ്റ് പേരുകളിലുള്ള വെബ്‍സൈറ്റുകൾ വ്യാജമാണെന്നതിനാൽ ലഭിക്കുന്ന സന്ദേശങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം.

മോട്ടോർ വാഹന വകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നൽകിയ അറിയിപ്പ് ഇങ്ങനെ…
മോട്ടോർ വാഹനവുമായി ബന്ധപ്പെട്ടും ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടും വിവിധ സർവീസുകൾക്ക് അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോഴും, ഈ ചെല്ലാൻ (E chellan) പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടയ്ക്കുമ്പോഴും പൊതുജനങ്ങളെ കബളിപ്പിക്കുന്ന രീതിയിൽ സമാനമായ പേരുകളുള്ള വെബ്സൈറ്റുകൾ നിലവിൽ ലഭ്യമാകുന്നതായി വ്യാപകമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പരിവാഹൻ സേവ ( PARIVAHAN SEWA) എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ഈ ചെല്ലാൻ നോട്ടീസിൽ ലഭ്യമായിട്ടുള്ള QR കോഡ് സ്കാൻ ചെയ്തോ മാത്രം ഈ ചെല്ലാനുകളുടെ പിഴ അടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
സമാനമായ പേരുകളിലുള്ള മറ്റ് സൈറ്റുകൾ മുഖാന്തിരം കബളിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പാലിക്കുക.