ആളുമാറി, ‘നെൽകൃഷി’ വിവാദത്തിൽ സനത് ജയസൂര്യയ്ക്കെതിരെ സൈബർ ആക്രമണം

Advertisement

കൊച്ചി: കേരളത്തിലെ ‘നെൽകൃഷി’ വിവാദത്തിൽ ശ്രീലങ്ക ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയ്ക്കെതിരെ സൈബർ ആക്രമണം. നടൻ ജയസൂര്യയ്ക്കെതിരായ പ്രതികരണങ്ങൾ, സനത് ജയസൂര്യയുടെ സമൂഹമാധ്യമ പോസ്റ്റുകൾക്കു താഴെയാണു ചിലർ കുറിച്ചത്. എന്നാൽ സനത് ജയസൂര്യയെ പിന്തുണച്ചും മലയാളികളിൽ ചിലർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.

മന്ത്രിമാരെ വേദിയിലിരുത്തി കർഷകരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് നടൻ ജയസൂര്യ കഴിഞ്ഞ ദിവസം പറഞ്ഞതു വൻ വിവാദങ്ങൾക്കു വഴി തുറന്നിരുന്നു. കൃഷി മന്ത്രി പി. പ്രസാദ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ പങ്കെടുത്ത പരിപാടിയിലായിരുന്നു ജയസൂര്യയുടെ വിമർശനം. നടനു മറുപടിയുമായി മന്ത്രിമാരും രംഗത്തെത്തി. കളമശേരിയിലെ കാർഷികമേളയുടെ വേദിയിലാണു നെൽകർഷകരുടെ കഷ്ടപ്പാടുകൾ ജയസൂര്യ ചൂണ്ടിക്കാട്ടിയത്.

വാക്കുകളില്‍ ഉറച്ചുനിന്ന ജയസൂര്യ കൂടുതൽ പ്രതികരണങ്ങൾക്കു തയാറായില്ല. തന്റേതു കർഷക പക്ഷമാണെന്നും ഒരു രാഷ്ട്രീയവുമില്ലെന്നും ജയസൂര്യ പറഞ്ഞു. ‘‘എന്റെ സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി ‍ഞാൻ കൃഷികാര്യങ്ങൾ ചർച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറു മാസത്തിലേറെക്കഴിഞ്ഞിട്ടും കർഷകർക്കു കിട്ടിയില്ല എന്ന് അദ്ദേഹം പറഞ്ഞാണു ഞാനറിയുന്നത്. നിങ്ങളെപ്പോലുള്ളവർ ഇത്തരം വിഷയങ്ങൾ ഉന്നയിക്കണം എന്നും കൃഷ്ണപ്രസാദ് പറയുമായിരുന്നു.’’

‘‘‌കർഷകർ കഷ്ടപ്പെട്ട് വിളവിറക്കി കൊയ്തെടുത്ത നെല്ലിന് അതു സംഭരിച്ചശേഷം ആറു മാസമായിട്ടും പണം കൊടുക്കാത്തത് കടുത്ത അനീതിയായി എനിക്കു തോന്നി. ആ നെല്ല് പുഴുങ്ങിക്കുത്തി അരിയായി വിപണിയിൽ എത്തിയിട്ടുണ്ടാകില്ലേ ?. എന്നിട്ടും എന്താണു പാവം കർഷകർ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ തിരുവോണത്തിനു പട്ടിണിസമരം നടത്തുന്നത് ? നമ്മളെ ഊട്ടുന്നവർക്കു സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിനു പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്.’’– നടൻ ജയസൂര്യ പ്രതികരിച്ചു.