അപര്‍ണ നായരുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് എഫ്‌ഐആര്‍

Advertisement

സിനിമ, സീരിയല്‍ താരം അപര്‍ണ നായരുടെ ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് പോലീസ് എഫ്‌ഐആര്‍. ഇതേച്ചൊല്ലിയുള്ള കുടുംബപ്രശ്‌നങ്ങളും മനോവിഷമവുമാണ് താരത്തെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം തളിയല്‍ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയില്‍ അപര്‍ണയെ (33) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വൈകിട്ട് ആറിനും ഏഴരയ്ക്കുമിടയിലാണ് മരണം സംഭവിച്ചതെന്നാണ് എഫ്‌ഐആറിലുള്ളത്. അപര്‍ണയുടെ അമ്മ വിളിച്ചറിയിച്ചതനുസരിച്ച് ഇളയ സഹോദരി വീട്ടിലെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരമന പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ അമ്മയെ വീഡിയോ കോള്‍ ചെയ്ത് പോവുകയാണെന്ന് അപര്‍ണ പറഞ്ഞതായാണ് പൊലീസിന് ലഭിച്ച വിവരം. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചെങ്കിലും അപര്‍ണ കരമനയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്നു. മക്കളെ നോക്കാന്‍ ആരുമില്ലെന്ന് പറഞ്ഞ് 15 ദിവസം മുമ്പ് ജോലിയില്‍ നിന്ന് രാജിവച്ചു.