കേന്ദ്രവലയില്‍ സംസ്ഥാനവിദ്യാഭ്യാസവകുപ്പ്, ഓണാവധി കുളമായി അധ്യാപകര്‍

Advertisement

തിരുവനന്തപുരം.കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് വിവരം കൈമാറാതെ പിടിച്ചുവച്ചു, ഒടുവില്‍ കേന്ദ്രം മുറുക്കിയ വലയില്‍ നെട്ടോട്ടമോടി ഓണാവധി കുളമായി അധ്യാപകര്‍.
സ്‌കൂളുകളില്‍പ്രീപ്രൈമറിതലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ വിദ്യാര്‍ഥികളുടെ മുഴുവന്‍വിവരങ്ങളും യുഡൈസ്(udise)പ്രോഗ്രാമിലേക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ട് ഒരു വര്‍ഷമായി . കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ നിരവധി ഓര്‍മ്മപ്പെടുത്തല്‍ കത്തുകള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇതിനായി നല്‍കിയിട്ടും കേരളത്തില്‍ അത് പരിഗണിച്ചിരുന്നില്ല. ഒടുവില്‍ ഓഗസ്റ്റ് 31ന് അകം മുഴുവന്‍ വിവരങ്ങളും പോര്‍ട്ടലില്‍ നല്‍കിയില്ലെങ്കില്‍ ഗ്രാന്‍ഡുകള്‍ തടയും എന്ന മുന്നറിയിപ്പു വന്നതോടെ യാണ് കേരളത്തിലെ അധികൃതര്‍ ഞെട്ടിയുണര്‍ന്നത്. തുടര്‍ന്ന് ഒരാഴ്ചമുമ്പ് അടിയന്തിരമായി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചതോടെയാണ് അധ്യാപകര്‍ കുഴങ്ങിയത്. 31നും തീരാതെവന്നതോടെ അധികൃതരോട് അപേക്ഷിച്ച് രണ്ടുദിവസം കൂടി വാങ്ങി ശ്രമം നടത്തുകയാണ് അധ്യാപകര്‍.
സംസ്ഥാനത്ത് ഒന്നാംതരംമുതല്‍ പത്താംതരംവരെയുള്ള കുട്ടികളുടെ മിക്കവാറും വിവരങ്ങള്‍ സമ്പൂര്‍ണ എന്ന പോര്‍ട്ടലിലുണ്ട്. ഇതില്‍നിന്നും വിവരങ്ങള്‍ യുഡൈസിലേക്ക് നല്‍കിയാല്‍ മതി എന്നാല്‍ ഇതും പൂര്‍ണമല്ല. യുഡൈസില്‍ നല്‍കേണ്ട വിവരങ്ങള്‍ ഓരോകുട്ടിയുടെയും പരമാവധി വിവരങ്ങളാണ്. ഇതില്‍ ആളിന്റെ സാമൂഹിക പശ്ചാത്തലം മുതല്‍ സൂഷ്മതല വിവരങ്ങള്‍ വരെ 38 വിവരങ്ങള്‍ ഉള്‍പ്പെടും.
ഹയര്‍ സെക്കന്‍ഡറിും പ്രീപ്രൈമറിക്കും സമ്പൂര്‍ണയുടെ ഡേറ്റ ഇല്ലാത്തതിനാല്‍ മുഴുവന്‍ വിവരവും അപ് ലോഡ് ചെയ്യേണ്ടിവരും. എത്രശ്രമിച്ചാലും ഒരു കുട്ടിക്ക് 20മിനിറ്റ് വേണ്ടിവരും. അണ്‍എയിഡഡ് സ്‌കൂളുകള്‍ക്ക് സമ്പൂര്‍ണ ഉണ്ടെങ്കിലും അത് യുഡൈസിലേക്ക് മാറ്റാനാവാത്തതിനാല്‍ ഇക്കൂട്ടരാണ് വല്ലാതെ വിഷമത്തിലായത്.

അധ്യാപകര്‍ക്ക് ഭ്രാന്തെടുത്ത ഓണമായിരുന്നു ഇത്തവണ.യാത്രക്ക് പദ്ധതിയിട്ടവര്‍ അത് റദ്ദാക്കി. ബിആര്‍സി ഉദ്യോഗസ്ഥരും കുടുങ്ങി. ഉന്നതതലത്തിലെ അനവധാനതയാണ് ഇത്തരം പ്രശ്‌നത്തില്‍ അധ്യാപകരെ എത്തിച്ചതെന്ന ആക്ഷേപം ശക്തമാണ്.

Advertisement