ആലുവ. അഞ്ചുവയസ്സുകാരി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ പോലീസ് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.പ്രതിക്കെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകള്‍ അടക്കം നിരത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കൊലപാതകത്തിന് മുന്‍പ് പ്രതി കുട്ടിക്ക് നിര്‍ബന്ധിച്ചു മദ്യം നല്‍കിയിരുന്നതായും കുറ്റപത്രത്തില്‍ പറയുന്നു.35 ദിവസം കൊണ്ടാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്.പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന റൂറല്‍ എസ് പി യും വ്യക്തമാക്കി
നാടിനെ നടുക്കിയ ആലുവ കൊലപാതകത്തില്‍ ആണ് ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ അന്വേഷണസംഘം എറണാകുളം പോക്‌സോ കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. 645 പേജ് ഉള്ള കുറ്റപത്രത്തിനൊപ്പം 75 മെഡിക്കല്‍ തെളിവുകളും 150 ഓളം രേഖകളും പോലീസ് ഹാജരാക്കിയിട്ടുണ്ട്.99 സാക്ഷികളാണ് പ്രതിക്കെതിരെ തെളിവ് നല്‍കാന്‍ കോടതിയില്‍ എത്തുക. 35 ദിവസമെന്ന റെക്കോര്‍ഡ് സമയത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയശേഷം കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതി കുട്ടിക്ക് മദ്യം നല്‍കിയിരുന്നതായി ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പോലീസിന് വിചാരണ സമയത്ത് മേല്‍ക്കൈ നല്‍കും .
ജയിലിലും ,ഡല്‍ഹിയിലും ബിഹാറിലും അടക്കം നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ കൂടുതല്‍ കുറ്റകൃത്യ പശ്ചാത്തലവും പോലീസിന് ലഭ്യമായിട്ടുണ്ട്.ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ ശക്തമായ സാഹചര്യ തെളിവുകളും ശാസ്ത്രീയ ഫൊറന്‍സിക് തെളിവുകളും ആകും വിചാരണ ഘട്ടത്തില്‍ പോലീസിന് സഹായകരമാകുക.90 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ പ്രത്യേക അപേക്ഷയും ഉടന്‍ സമര്‍പ്പിക്കുന്നുണ്ട്.