തിരുവനന്തപുരം. പഠിച്ചിറങ്ങുമ്പോള്‍ സ്വന്തം കോളജിന് മറക്കാനാവാത്ത ഗുരുദക്ഷിണ നല്‍കിയാണ് മാർ ബസിലിയോസ് കോളേജിലെ അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥികൾ യാത്രപറയുന്നത്. കോളജിന് സ്വന്തമായി ഇലക്ട്രിക്ക് യൂട്ടിലിറ്റി വാൻ ആണ് ഇവര്‍ ഉണ്ടാക്കി നൽകിയത് . കോളജിലെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇനി ഇന്ധന ചിലവില്ലാതെ കാംപസ് ഉടനീളം സ്വന്തം ഇലക്ട്രിക് വാനിൽ സഞ്ചരിക്കാം.
മാർ ബസിലിയോസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ മെക്കാനിക്കൽ വിഭാഗം അധ്യാപകൻ മോബിൻ മാത്യുവിന്റെ ആശയത്തിലാണ് വിദ്യാർഥികൾ യൂട്ടിലിറ്റി വാൻ നിർമ്മിക്കാൻ തുടങ്ങിയത്. അവസാന വർഷ ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ 13 പേര് അടങ്ങിയ സംഘമാണ് വാഹനം നിർമ്മിച്ചത്. ആറ് മാസത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് വാഹന നിർമ്മാണം പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കിയത്.
ഏത് കയറ്റത്തിലും സുഗമമായി സഞ്ചരിക്കാൻ കഴിയും എന്നതാണ് യൂട്ടിലിറ്റി വാഹനത്തിന്റെ പ്രധാന പ്രത്യേകത.
ഭാവിയിൽ മറ്റു കോളേജുകൾക്കും ഇത്തരം വാഹനങ്ങൾ നിർമ്മിച്ചു നൽകാനും ആലോചനയുണ്ടെന്ന് കോളജ് അധികൃതർ വ്യക്തമാക്കി