ട്രെയിനില്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ചില ഉപായങ്ങളുണ്ട്, ഇവ ഒന്നു നോക്കൂ

Advertisement

പെട്ടെന്ന് ദൂരെ സ്ഥലത്തേക്ക് ട്രെയിന്‍ യാത്ര വേണ്ടിവരുന്നവരുടെ പ്രധാന പ്രശ്‌നം ടിക്കറ്റ് എടുക്കുക എന്നതാണ്. തിരക്കുള്ള സീസണ്‍ ആണെങ്കിലും അല്ലെങ്കിലും ടിക്കറ്റ് കിട്ടുക പ്രയാസമാകും. ഇത്തരം പ്രശ്നത്തില്‍ വരുന്ന അത്യാ വശ്യക്കാര്‍ക്കായി റെയില്‍വെ തത്കാല്‍ ടിക്കറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. നിശ്ചിത എണ്ണം ടിക്കറ്റുകള്‍ കൂടിയ നിരക്കില്‍ ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് ഒരു ദിവസം മുന്‍പ് എടുക്കാം. എന്നാല്‍, ഈ ടിക്കറ്റുകള്‍ക്ക് ആവശ്യക്കേരേറെയുണ്ടാകും എന്നതിനാല്‍ മിക്ക ട്രെയിനുകള്‍ക്കും ടിക്കറ്റ് നല്‍കാന്‍ തുടങ്ങി 5 മിനിറ്റിനുള്ളില്‍ ടിക്കറ്റ് തീരും.

തത്കാല്‍ ടിക്കറ്റുകള്‍ നല്‍കാന്‍ ആരംഭിക്കുന്ന സമയത്ത് തന്നെ അവ ബുക്ക് ചെയ്യുകയാണ് മാര്‍ഗം. ഇതിനായി ടിക്കറ്റ് കൗണ്ടറുകളില്‍ അതിരാവിലെ മുതല്‍ ക്യൂ നില്‍ക്കുന്നവരുണ്ട്. ഓണ്‍ലൈനായി എടുക്കുന്നവര്‍ക്ക് ടിക്കറ്റ് വില്‍പന ആരംഭിച്ചയുടന്‍ കയറുകയാണെങ്കില്‍ ടിക്കറ്റ് ലഭിക്കാന്‍ സാധ്യത വര്‍ധിക്കും. അതുകൊണ്ട് തന്നെ നിങ്ങള്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ അവ വേഗത്തില്‍ ലഭിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

യാത്രക്കാരുടെ പേരുകളും യാത്രാ തീയതികളും മറ്റും ഉള്‍പ്പെടെ എല്ലാ വിവരങ്ങളും തയ്യാറാക്കി മുന്‍കൂട്ടി സൂക്ഷിച്ചുവെക്കുക. ഐആര്‍സിടിസി വെബ്സൈറ്റിന്റെ ‘മൈ പ്രൊഫൈല്‍’ വിഭാഗത്തിലേക്ക് പോയി യാത്രക്കാരുടെ വിവരങ്ങള്‍ അടങ്ങിയ ഒരു മാസ്റ്റര്‍ ലിസ്റ്റ് ക്രിയേറ്റ് ചെയ്യുന്നത് ടിക്കറ്റെടുക്കുമ്പോള്‍ ഇവ ടൈപ്പ് ചെയ്യുന്ന സമയം ലാഭിക്കാന്‍ ഉപകരിക്കും. ബുക്കിങ് പ്രക്രിയയില്‍ ഈ ലിസ്റ്റില്‍ നിന്നുള്ള വിശദാംശങ്ങള്‍ എടുക്കാം.

മാസ്റ്റര്‍ പട്ടികപോലെ മറ്റൊന്നാണ് ജേണി ലിസ്റ്റ് തയ്യാറാക്കുക എന്നത്. മൈ പ്രൊഫൈലില്‍ തന്നെ ഇതിനുള്ള ഓപ്ഷനുണ്ട്. മാസ്റ്റര്‍ ലിസ്റ്റ് ഉണ്ടാക്കിയതിന് ശേഷം മാത്രമേ ഈ ലിസ്റ്റ് നിര്‍മ്മിക്കാന്‍ കഴിയൂവെന്ന് ഓര്‍ക്കുക.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയാല്‍ തത്കാല്‍ ടിക്കറ്റ് നല്‍കിത്തുടങ്ങുമ്പോള്‍ അതിവേഗം ടിക്കറ്റെടുക്കാന്‍ സാധിക്കും. എസി ടിക്കറ്റുകള്‍ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്, രാവിലെ 9.57 ന് ലോഗിന്‍ ചെയ്യണം. സ്ലീപ്പര്‍ ക്ലാസിലേക്കുള്ള തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് യാത്രക്കാരന്‍ 10.57 നും പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് കയറുക.

ടിക്കറ്റ് കൊടുത്തുതുടങ്ങിയാല്‍ പ്ലാന്‍ മൈ ജേര്‍ണി എന്ന ബോക്സില്‍ നിങ്ങളുടെ യാത്രയ്ക്ക് അനുസൃതമായി സ്റ്റേഷനുകളുടെ പേരുകള്‍ നല്‍കി ട്രെയിന്‍ തെരഞ്ഞെടുക്കുക. ഓരോ യാത്രക്കാരന്റേയും പേരുകളും മറ്റു വിശദാംശങ്ങളും ടൈപ്പ് ചെയ്യുന്നതിന് പകരമായി യാത്രക്കാരുടെ വിവരങ്ങള്‍ മുന്‍കൂട്ടി സംരക്ഷിച്ച മാസ്റ്റര്‍ ലിസ്റ്റ് ഉപയോഗിക്കാവുന്നതാണ്.

പുറപ്പെടുന്ന സ്റ്റേഷന്റേയും എത്തിച്ചേരേണ്ട സ്റ്റേഷന്റേയും സ്റ്റേഷന്‍ കോഡുകള്‍ നേരത്തെ മനസിലാക്കി വെക്കുന്നത് ട്രെയിന്‍ തിരയല്‍ എളുപ്പമാക്കും. സ്റ്റേഷന്‍ കോഡുകള്‍ എഴുതിവെക്കുകയോ ഒരു നോട്ട്പാഡ് ഫയലിലേക്ക് ടൈപ്പ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്യാം.

ബുക്കിങ് ചെയ്യുന്ന അവസരത്തില്‍ ബെര്‍ത്ത് പ്രിഫറന്‍സ് ചോദിക്കുമ്പോള്‍ ലോവര്‍ ബര്‍ത്ത് തിരഞ്ഞെടുക്കുകയാണെങ്കില്‍ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത വര്‍ധക്കും. അല്ലെങ്കില്‍ നിങ്ങള്‍ ബെര്‍ത്ത് പ്രിഫറന്‍സ് ഒന്നും കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ബെര്‍ത്ത് പ്രിഫറന്‍സ് നല്‍കിയാല്‍ ആ ബെര്‍ത്ത് ഉണ്ടെങ്കില്‍ മാത്രമേ ടിക്കറ്റ് ലഭ്യമാകുകയുള്ളു. ഇത് നല്‍കിയിട്ടില്ലെങ്കില്‍ ഏതെങ്കിലും ബെര്‍ത്തിലെങ്കിലും ടിക്കറ്റ് ലഭിക്കും.

പേമന്റ് ഓപ്ഷന്‍ എത്തിക്കഴിഞ്ഞാല്‍ യുപിഐ വഴി പേമന്റ് നല്‍കിയാല്‍ നെറ്റ് ബാങ്കിങ്ങിനേക്കാള്‍ എളുപ്പത്തില്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാം.

തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബ്രൗസറുകളില്‍ ഉപയോഗിക്കാവുന്ന പ്ലഗിനുകളും മറ്റും ഇപ്പോള്‍ വ്യാപകമാണ്. ഇവ എങ്ങിനെ ഉപയോഗിക്കാമെന്നത് യുട്യൂബ് വഴി അറിയാന്‍ സാധിക്കും. വ്യാജ സോഫ്‌റ്റ്വെയറുകളും മറ്റും ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് നിയമപരമായി ശിക്ഷാര്‍ഹമാണ്.

Advertisement