25 കോടി സ്വപ്നം കാണുന്നവരെ, ഇക്കുറി വെല്ലുവിളി ചില്ലറയല്ല; സർവകാല റെക്കോഡ് പഴങ്കഥ, 90 ലക്ഷം ടിക്കറ്റ് എത്തും!

Advertisement

തിരുവനന്തപുരം: ഓണക്കാലത്ത് ഭാഗ്യാന്വേഷികൾ തിക്കിത്തിരക്കിയതോടെ വൻ ആവേശത്തിലാണ് സംസ്ഥാന ലോട്ടറി വകുപ്പ്. ഓണം ബംപർ ഇക്കുറി സർവകാല റെക്കോർഡ് വിൽപ്പനയിലേക്കാണ് നീങ്ങുന്നത്.

എല്ലാവർക്കും ഓണത്തിരക്കാണെങ്കിലും ഭാഗ്യം അന്വേഷിക്കുന്നവരെ ഏത് മുക്കിലും മൂലയിലും കാണാം. വിൽപ്പനക്ക് വച്ച അന്ന് മുതൽ ഓണം ബംപറെടുക്കാൻ ആളുകൾ തിക്കിത്തിരക്കുകയാണ്. നറുക്കെടുക്കാൻ ഇനിയുമുണ്ട് ദിവസങ്ങളെങ്കിലും റെക്കോർഡുകൾ ഭേദിച്ചാണ് വിൽപ്പനക്കണക്ക്. ആദ്യഘട്ടത്തിൽ 30 ലക്ഷം ടിക്കറ്റിറക്കി. അത് മുഴുവൻ വിറ്റ് പോയപ്പോൾ വീണ്ടും ഇറക്കി. കഴിഞ്ഞ വർഷം വിറ്റത് അറുപത്താറര ലക്ഷം ടിക്കറ്റാണെങ്കിൽ ഇക്കുറി വമ്പൻ നേട്ടമാകും ലോട്ടറി വകുപ്പിന്. ഈ നിലയിൽ പോകുകയാണെങ്കിൽ ഇത്തവണത്തെ ഓണം ബംപർ 90 ലക്ഷം ടിക്കറ്റ് വരെ വിൽപ്പനക്കെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ലോട്ടറി വകുപ്പിനുള്ളത്.

500 രൂപക്ക് ടിക്കറ്റെടുത്താൽ ഒന്നാം സമ്മാനം 25 കോടിയാണ്. കൂടുതൽ പേർക്ക് പണം കിട്ടുന്ന വിധത്തിൽ ഇത്തവണ സമ്മാന ഘടനയിൽ മാറ്റം വരുത്തിയതോടെ അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവർ ധാരാളമായി ലോട്ടറി വാങ്ങാനെത്തുന്നുണ്ട്. സമ്മാന ഘടന വിവരിച്ചും ഓൺലൈൻ തട്ടിപ്പുകൾ നടന്നേക്കാമെന്ന് ഓർമ്മിപ്പിച്ചും അഞ്ച് ഭാഷകളിൽ സന്ദേശവും തയ്യാറാക്കിയിട്ടുണ്ട് ലോട്ടറി വകുപ്പ്. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവരെ ലക്ഷ്യം വച്ച് ഇത്തവണ വ്യത്യസ്തമായ പ്രചാരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

സമ്മാനത്തുകയും വിവരങ്ങളും

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് പ്രകാശനം ചെയ്തത് ജൂലൈ 24 നായിരുന്നു. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി രണ്ടാം സമ്മാനഘടനയിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്ക് ആകും ഇത്തവണ നൽകുക. കഴിഞ്ഞവർഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേർക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേർക്ക് അഞ്ചാം സമ്മാനം ലഭിക്കും. ജൂലൈ 26 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് ടിക്കറ്റ് പ്രകാശനം നടത്തിയത്.

Advertisement