കേരളത്തിൽ കാലവർഷം തിരിച്ചുവരുന്നു: കാരണമിതാണ്

Advertisement

തിരുവനന്തപുരം: മധ്യ- തെക്കൻ കേരളത്തിൽ മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പലയിടത്തും ഇടിമിന്നലോടുകൂടിയ മഴ രൂപപ്പെട്ടു.

ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ് എന്നാണ് കഴിഞ്ഞ മാസത്തെ കാലാവസ്ഥാ വിദഗ്ധർ വിശേഷിപ്പിച്ചത്. എന്നാൽ കാലവർഷത്തിന്റെ കലാശക്കൊട്ടെന്ന നിലയ്ക്ക് സെപ്തംബർ തുടക്കത്തിൽ തന്നെ മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കൊടുംചൂടിൽ നിന്ന് മഴയ്ക്കുള്ള സാധ്യത എങ്ങനെ തെളിഞ്ഞു? പെട്ടെന്നുള്ള മഴയ്ക്കുപിന്നിലെ കാരണമെന്ത്?

വടക്കൻ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ചയോടെ ചക്രവാതച്ചുഴി രൂപപ്പെടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മഴ. ഇത് ന്യുനമർദമായി ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ സാധ്യത കാണുന്നു. തുടക്കത്തിൽ മധ്യ തെക്കൻ കേരളത്തിൽ ശക്തമാകുന്ന മഴ ന്യൂനമർദത്തിന്റെ സഞ്ചാരപാതയ്ക്ക് അനുസരിച്ചു വടക്കൻ കേരളത്തിലേക്കും വ്യാപിക്കാൻ സാധ്യതയെന്നാണ് പ്രാഥമിക സൂചന. ചിലയിടങ്ങളിൽ ശക്തമായ/അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

നിർജീവമായിരുന്ന അറബിക്കടലും ബംഗാൾ ഉൾക്കടലും സജീവമാകാൻ തുടങ്ങുന്നതും ഒപ്പം ആഗോള മഴപ്പാത്തി (MJO) പ്രതിഭാസവും വരും ദിവസങ്ങളിൽ അനുകൂലമായി വരുന്നത്തോടെ കേരള തീരത്ത് കാലവർഷകാറ്റ് പതിയെ ശക്തമാകുന്നതിന്റെ ഭാഗമായാണ് മഴ സജീവമാകുന്നത്. വരും ദിവസങ്ങളിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്ന് കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു.

ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള ആകെ മഴയുടെ കണക്കെടുത്താൽ, 123 വർഷ ചരിത്രത്തിൽ ഏറ്റവും കുറവ് മഴ ലഭിച്ച വർഷം 2023 ആണ്. ആകെ 1157.7 എംഎം മഴ മാത്രമാണ് ലഭിച്ചത്. 1987 ൽ രേഖപ്പെടുത്തിയ 1362.8 എംഎം ആണ് ഇതിനു മുൻപ് ലഭിച്ച ഏറ്റവും കുറവ് മഴ.

ജനുവരി മുതൽ ഓഗസ്റ്റ് വരെ ലഭിച്ച മഴ

1924-3547.4 mm (ഏറ്റവും കൂടുതൽ മഴ)

1961- 3481 mm

1933- 3037.7 mm

2012-1603.3 mm

2016–1601.9 mm

2018- 2969.5 mm