തിരുവനന്തപുരം. നിറവും സംഗീതവും ആഹ്ളാദക്കാഴ്ചകള്‍ ഒരുക്കിയ നഗരവീഥികള്‍ പൊലിമ പകര്‍ന്ന സംസ്ഥാന സർക്കാരിൻറെ ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീര സമാപനം. വർണാഭമായ ഘോഷയാത്ര കാണാൻ പതിനായിരങ്ങൾ നഗരത്തിലെത്തി. സമാപന സമ്മേളനത്തിൽ അതിഥികളായെത്തിയ തിയേററ്റിൽ പ്രദർശനം തുടരുന്ന ആർ.ഡി.എക്സ് സിനിമാ താരങ്ങൾ കാണികളെ ആവേശത്തിലാക്കി.
എഐ ക്യാമറ വന്നതോടെ സന്തോഷിക്കുന്ന കുടുംബം. നിരാശനായ കാലൻ. ക്യാമറ സ്ഥാപിച്ച ശേഷം അപകടമരണങ്ങൾ കുറയുന്നുവെന്ന സന്ദേശവുമായി എംവിഡിയുടെ ഫ്ലോട്ട്. കൈക്കൂലി വാങ്ങുന്ന ആനക്കള്ളന്മാരെ റേഡിയോ കോളറിലൂടെ പിടികൂടുമെന്ന് വിജിലൻസ്. തിരുവനന്തപുരം വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെ നീണ്ട വർണാഭമായ ഘോഷയാത്രയിൽ അറുപതിലധികം ഫ്ലോട്ടുകളും മൂവായിരത്തോളം കാലാകാരന്മാരും വിസ്മയക്കാഴ്ച്ചയൊരുക്കി. ഗവർണർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി കുടുംബസമേതം ഘോഷയാത്ര കാണാനെത്തി.
സമാപനസമ്മേളനത്തിലേക്ക് സിനിമാതാരങ്ങളായ ഷെയിൻ നിഗം, ആൻറണി പെപ്പേ, നിരജ് മാധവ് എന്നിവരെത്തിയപ്പോൾ നിശാഗന്ധി ആവേശക്കൊടുമുടിയിലായി.
ടൂറിസംമന്ത്രി മുഹമ്മദ് റിയാസ് സമ്മേളനം ഉത്ഘാടനം ചെയ്തു. ഗായകൻ ഹരിശങ്കറിൻറെ സംഗീത നിശയോടെ ഇക്കൊല്ലത്തെ ഓണാഘോഷങ്ങൾക്ക് കേരളം വിട ചൊല്ലി.