പത്തനംതിട്ട: സെപ്തംബർ മാസം തുടങ്ങിയത് മുതൽ കാലവർഷത്തിൻറെ കാര്യത്തിൽ കേരളത്തിന് ആശ്വാസമേകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. സംസ്ഥാനത്താകെ കാലവർഷം പതിയെ ശക്കിപ്പെടുകയാണ്.
വിവിധ ജില്ലകളിൽ ഈ ദിവസങ്ങളിൽ കാര്യമായ തോതിൽ മഴ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലാകട്ടെ മഴ, അതിശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടയിലാണ് ഇന്നലത്തെ മഴയുടെ കണക്കുകളും പുറത്തുവന്നത്. സെപ്റ്റംബർ ഒന്നിന് സംസ്ഥാനത്തെ ഒരു ജില്ലയിൽ മാത്രം അതി തീവ്രമഴ ലഭിച്ചു എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പത്തനംതിട്ട ജില്ലയിലാണ് വെള്ളിയാഴ്ച അതിതീവ്രമഴ പെയ്തത്. പത്തനംതിട്ട ജില്ലയിലെ കക്കി എന്ന പ്രദേശത്ത് ഇന്നലെ പെയ്തത് അതിതീവ്ര മഴയാണെന്നാണ് കണക്കുകൾ പറയുന്നത്. 225 മില്ലി മീറ്റർ മഴയാണ് ഈ പ്രദേശത്ത് ഇന്നലെ രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലെ വിവിധ പ്രദേശങ്ങളിലും ഇന്നലെ കാര്യമായ തോതിൽ മഴ ലഭിച്ചു. അത്തിക്കയത്ത് 101 മില്ലി മീറ്റർ, ആങ്ങമുഴി 153 മില്ലി മീറ്റർ, മൂഴിയാർ 147 മില്ലി മീറ്റർ എന്നിങ്ങനെ മഴ ലഭിച്ചെന്നാണ് കണക്ക്. പത്തനംതിട്ട ജില്ലയിലാകെ 80 മില്ലി മീറ്ററാണ് ശരാശരി ലഭിച്ച മഴയുടെ കണക്ക്.
അതേസമയം പത്തനംതിട്ട ജില്ലയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. നാലാം തിയതിയും അഞ്ചാം തിയതിയും പത്തനംതിട്ടയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.